പരപ്പനങ്ങാടി; പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭരണകക്ഷിയായ സിപിഎം രംഗത്ത്. വെള്ളിയാഴ്ച വൈകീട്ട് പോലീസിനെതിരെ പരപ്പനങ്ങാടിയില്‍ പ്രതിഷേധയോഗം നടത്താനൊരുങ്ങുകയാണ് സിപിഎം. സിപിഎം ജില്ലാകമ്മറ്റിയംഗം വി.ടി സോഫിയയാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പാലത്തിങ്ങല്‍ മുറിക്കലില്‍ വെച്ച് മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ധിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. റോഡരികില്‍ ഇരിക്കുന്ന യുവാക്കളുടെ ഫോട്ടോ പോലീസ് എടുത്തിരുന്നു. ഇത് ചോദ്യം ചെയ്തു എന്ന പേരില്‍ ഇവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയും ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത യുവാക്കള്‍ക്ക് വാഹനത്തില്‍ വെച്ചും, സ്‌റ്റേഷനില്‍ വെച്ചും ഇന്‍സ്‌പെക്ടര്‍ ഹണി.കെ ദാസില്‍ നിന്നും ക്രൂരമായ മര്‍ദ്ധനമേറ്റെന്നാണ് പരാതി. ഇവര്‍ക്കെതിരെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും, പോലീസിനെ മര്‍ദ്ധിച്ചുവെന്നുമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് പരപ്പനങ്ങാടി കോടതി ജ്യാമമനുവദിച്ചിരുന്നു. മര്‍ദ്ധനമേറ്റ ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിഐക്കെതിരെ സിപിഎം മൂന്നിയൂര്‍ ലോക്കല്‍ കമ്മറ്റി രംഗത്തെത്തിയിരുന്നു.
നേരത്തേ പരപ്പനങ്ങാടി പോലീസ് കള്ളക്കേസ് രജിസറ്റര്‍ ചെയ്തുവെന്നാരോപിച്ച് പരപ്പനങ്ങാടിയിലെ സിപിഎമ്മും പോലീസിനെതിരെ രംഗത്തെത്തിയിരുന്നു.



