പാലക്കാട്: ഡോ.പി സരിന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേന പേര് അംഗീകരിച്ചു. ഉടന്‍ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യും. സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ പി സരിന് വന്‍ സ്വീകരണമാണ് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു.
ഒദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകും. സിപിഐഎം പാര്‍ട്ടി ചിഹ്നത്തില്‍ ആയിരിക്കില്ല ഡോ. പി സരിന്‍ പാലക്കാട് മത്സരിക്കുക. എല്‍ഡിഎഫ് സ്വതന്ത്രനായി തന്നെ രംഗത്ത് ഇറക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. പൊതുവോട്ടുകള്‍ കൂടി സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പാര്‍ട്ടി ചിഹ്നം വേണ്ടെന്ന് വെയ്ക്കുന്നത്.
ഓട്ടോയിലാണ് സരിന്‍ ഡിസിയിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാണ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ക്യത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നതെന്നും രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താന്‍ എന്ന് സരിന്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി ആരായാലും ഇടതുപക്ഷത്തിനൊപ്പമുണ്ടാവുമെന്നും ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വ്വഹിക്കും എന്നും സരിന്‍ പറഞ്ഞു.




