മുംബൈ : കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്‍. ഓഡിറ്റോറിയങ്ങള്‍, തീയേറ്ററുകള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവയ്ക്കാണ് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍. പഞ്ചാബില്‍ തിയേറ്ററുകള്‍, മാളുകള്‍ എന്നിവയ്ക്കു പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഓഡിറ്റേറിയങ്ങള്‍ക്കും തിയേറ്ററുകള്‍ക്കും ശേഷിയുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കായി തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും ഉപയോഗിക്കുന്നതു നിരോധിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ആളുകളുമായി പ്രവര്‍ത്തിക്കാനേ അനുമതിയുള്ളൂ. നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ തുടരും.
പഞ്ചാബില്‍ മെഡിക്കല്‍, നേഴ്‌സിങ് സ്ഥാപനങ്ങള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും. സിനിമാ തിയേറ്ററില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടില്ല. മാളുകളില്‍ ഒരേ സമയം 100 പേരില്‍ കൂടുതലും പാടില്ല. വ്യവസായ സ്ഥാപനങ്ങള്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും നിയന്ത്രണമില്ല.
പഞ്ചാബില്‍ കോവിഡ് ഏറ്റവും രീക്ഷമായ 11 ജില്ലകളില്‍ വിവാഹ, മരണാനന്ത്ര ചടങ്ങുകള്‍ ഒഴികെ എല്ലാ കൂടിച്ചേരലുകളും നിരോധിച്ചു. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.




