Section

malabari-logo-mobile

മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി

HIGHLIGHTS : മലപ്പുറം: കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്...

മലപ്പുറം: കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയായത്. ഇന്ന് രാവിലെ പത്തോടെയാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. 2.7 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജേക്കബ്, ഹെഡ് നഴ്‌സ് മിനി കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് ശസ്ത്രക്രിയ നടത്തിയത്.

കുവൈത്തില്‍ സ്റ്റാഫ് നഴ്‌സായ ജിന്‍സി ഐ.എക്സ് – 394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മെയ് 13 ന് രാത്രി 10.15 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മെയ് 20, 21 തീയതികളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഇവരെ സ്റ്റെപ്ഡൗണ്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യയുടെ രോഗം ഭേദമായതിലും പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞിനെ ലഭിച്ചതിലും സന്തോഷമുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും തന്റെ നന്ദി അറിയിക്കുന്നുവെന്നും ജിന്‍സിയുടെ ഭര്‍ത്താവ് ലിജോ ജോസഫ് പറഞ്ഞു. എട്ട് വയസ്സുകാരന്‍ ലിയോ ആണ് മൂത്ത കുഞ്ഞ്.

sameeksha-malabarinews

ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അമ്മയ്ക്കും നവജാത ശിശുവിനും ആശംസകള്‍ നേര്‍ന്നു. കോവിഡ് രോഗമുക്തി നേടിയ ആദ്യത്തെ യുവതിയുടെ പ്രസവ ശസ്ത്രക്രിയയാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!