മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 05) മുതല്‍ 328 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16,850 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 156 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 150 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 16,683 പേര്‍ വീടുകളിലും 11 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
48 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ല
മലപ്പുറം ജില്ലയില്‍ 48 പേര്‍ക്കു കൂടി കോവിഡ് വൈറസ് ബാധയില്ലെന്ന് ഇന്ന്(ഏപ്രില്‍ 05) ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതുവരെ 702 പേര്‍ക്ക് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 176 പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.
കോവിഡ് 19 ബാധിച്ച് ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഒരാള്‍ക്കാണ് ഇതുവരെ രോഗം ചികിത്സിച്ചു ഭേദമായത്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിക്കും രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു
കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് (ഏപ്രില്‍ 05) പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 7,336 വീടുകള്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യ സുരക്ഷ ഉറപ്പാക്കി ജില്ലാതല കണ്‍ട്രോള്‍ സെല്‍
കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ തുടരുകയാണ്. ഇന്ന് (ഏപ്രില്‍ 05) 202 പേര്‍ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 05) 573 പേരുമായി വിദഗ്ധ സംഘം ഫോണ്‍ വഴി ബന്ധപ്പെട്ടു. 12 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 489 മുതിര്‍ന്ന പൗരന്മാരെ ഇന്ന് (ഏപ്രില്‍ 05) പാലിയേറ്റീവ് നഴ്സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറി.
പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 981 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്‍ടാക്ട് ട്രെയ്സിംഗ് വിഭാഗം ഇന്ന് (ഏപ്രില്‍ 05) ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.




