മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സിലിംഗ് നടപ്പിലാക്കണം;ബാലാവകാശകമ്മിഷന്‍

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കുട്ടികളുടെ മാനശാസ്ത്രത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കി ബോധവല്‍ക്കരിക്കണമെന്നും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ അംഗങ്ങളായ ഷാജേഷ് ഭാസ്‌കര്‍ പി, മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തേതുടര്‍ന്ന് താമരശ്ശേരിയിലെ എം.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാര്‍ച്ചില്‍ മരണപ്പെട്ടത് സംബന്ധിച്ച മാധ്യമവാര്‍ത്തയെതുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ കൗമാരക്കാരുടെ സംഘര്‍ഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

സ്‌കൂളുകളില്‍ അധ്യാപകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ തക്ക പദ്ധതികള്‍ നടപ്പിലാക്കണം. രക്ഷാകര്‍ത്താക്കള്‍ക്കായി സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ കായിക സാഹിത്യ സംഗീത നാടക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ക്ലബ്ബുകളും, പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ജുവനൈല്‍ പോലീസ് യൂണിറ്റ്, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. നിയമബോധം, ലിംഗ സെന്‍സിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങള്‍, സാമൂഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍,ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമായി ചേര്‍ന്ന് ആവിഷ്‌കരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ 2026-27 അധ്യയനവര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, ഡയറക്ടറും പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതാണെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറുകണക്കിന് കുട്ടികള്‍ നിയമവുമായി സംഘര്‍ഷത്തിലാവുന്നുണ്ട്. മോഷണം, ട്രാഫിക്ക് നിയമലംഘനങ്ങള്‍, ശാരീരിക ആക്രമണം, ലൈംഗിക കുറ്റകൃത്യങ്ങള്‍, ലഹരി, പോക്‌സോ കേസുകള്‍ എന്നിവയാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലഹരിപദാര്‍ത്ഥങ്ങള്‍, സോഷ്യല്‍മീഡിയ സ്വാധീനം, വിദ്യാഭ്യാസ സാമൂഹിക സമ്മര്‍ദ്ധങ്ങള്‍, കുടുംബപരമായ വിഷയങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് കാരണമാകുന്നതായി കമ്മിഷന്‍ ഉത്തരവില്‍ വിശകലനം ചെയ്തു.

സ്‌കൂള്‍ കേവലം അക്കാഡമിക പഠനകേന്ദ്രങ്ങള്‍ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുന്ന സംവിധാനമായാലെ കൗമാരക്കാരിലെ കുറ്റവാസന തടയാന്‍ സാധിക്കു. കുട്ടികളുടെ മനസ്സ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളര്‍ത്തുന്നതും ജീവിതനൈപുണ്യ പദ്ധതികള്‍, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോള്‍ സുരക്ഷിതവും അര്‍ത്ഥപൂര്‍ണ്ണവുമായ സമൂഹത്തെ വാര്‍ത്തെടുക്കാനാകും എന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top