Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ആര്‍ക്കും വൈറസ് ബാധയില്ല; 81 പേരുടെ പരിശോധന ഫലം ലഭിച്ചു

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ പരിശോധന ഫലം ലഭിച്ച ആര്‍ക്കും കോവിഡ് 19 വൈറസ് ബാധയില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 81 പേരുടെ വിദഗ്ധ പരിശോധനാ ഫ...

????????????????????????????????????

മലപ്പുറം: ജില്ലയില്‍ പരിശോധന ഫലം ലഭിച്ച ആര്‍ക്കും കോവിഡ് 19 വൈറസ് ബാധയില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 81 പേരുടെ വിദഗ്ധ പരിശോധനാ ഫലങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ (മാര്‍ച്ച് 11) പരിശോധന ഫലം ലഭിച്ച ഏഴു പേര്‍ക്കുകൂടി വൈറസ്ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയില്‍ നിന്ന് ഇതുവരെ 142 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച 10 പേരെ ഇന്നലെ (മാര്‍ച്ച് 11) നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 28 പേര്‍ക്കുകൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 143 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 58 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു പേര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. 82 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലും കഴിയുന്നു.
കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാതല മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് നിര്‍ദ്ദേശിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ജില്ലയില്‍ ഒരുക്കി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 കിടക്കകളാണ് സജ്ജമാക്കിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 10, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 19, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒമ്പത്, പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഒമ്പത്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എട്ട് എന്നിങ്ങനെയാണ് കിടക്കള്‍ ഒരുക്കിയിരിക്കുന്നത്.

* കോവിഡ് 19 ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ പരിശോധനക്കെത്തുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഗുരുതര വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍ന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാവും.

sameeksha-malabarinews

* കൂടുതല്‍പേര്‍ ഒരുമിച്ചെത്തുന്ന ഉത്സവങ്ങളും മതപരമായ ചടങ്ങുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി ഒന്നിച്ചു കൂടി നടത്തുന്ന പ്രാര്‍ഥന യോഗങ്ങളും മതപ്രഭാഷണങ്ങളും ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മത സംഘടനകളുടേയും ഉത്സവ കമ്മറ്റി ഭാരവാഹികളുടേയും യോഗം വിളിക്കും.

* തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ തോറും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം രോഗബാധിത പ്രദേശങ്ങളില്‍നിന്നെത്തിയവരുടേയും അവരുമായി നേരിട്ടു ബന്ധം പുലര്‍ത്തിയവരുടേയും വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യ വകുപ്പിനു കൈമാറണം. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ നിരൂക്ഷണത്തിലുള്ളവരുമായിള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കണം. ഇത്തരക്കാര്‍ പൊതുജന സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍തന്നെ കഴിയാന്‍ ശ്രദ്ധിക്കണം.

* മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണം. കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യാര്‍ഥിച്ചു.

* വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെ കുട്ടികള്‍ വീടുകളില്‍ പോകാതെ അവിടെത്തന്നെ തുടരണം. പുറത്തു നിന്നെത്തുന്ന ബന്ധുക്കളേയും സന്ദര്‍ശകരേയും ഹോസ്റ്റല്‍ അധികൃതര്‍ നിയന്ത്രിക്കണം.

* പഠന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. ഇസ്മയില്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ. രാജന്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!