HIGHLIGHTS : Control room coordinating Nipah prevention activities
കോഴിക്കോട് ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗവ. ഗസ്റ്റ് ഹൗസില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഓരോ അംഗങ്ങളോടും മന്ത്രി പ്രത്യേകം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിവിധ കോര്‍ കമ്മറ്റി അംഗങ്ങളുമായും കേന്ദ്ര സംഘവുമായും മന്ത്രി ചര്‍ച്ച നടത്തി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, ഫോറസ്റ്റ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സേവനവും ഒരുക്കിയിട്ടുണ്ട്. മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കായി പ്രത്യേക സംവിധാനവും കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുവേയുള്ള അന്വേഷണങ്ങള്‍, രോഗലക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ സംബന്ധിച്ച വിവരങ്ങള്‍, സെല്‍ഫ് റിപ്പോര്‍ട്ടിംഗ് എന്നിവയാണ് കോള്‍ സെന്റര്‍ വഴി നടക്കുന്നത്.


ഇതുവരെ കണ്ടെത്തിയ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍പേരെയും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നുണ്ട്. ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങള്‍, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്‌മെന്റ്, കൗണ്‍സിലിംഗ്, മീഡിയ ഏകോപനം എന്നിവ കണ്‍ട്രോള്‍ സെല്ലില്‍ സജ്ജമാക്കിയിട്ടുണ്ട്.
കണ്‍ട്രോള്‍ റൂമിലെ കോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മൂന്ന് ഷിഫ്റ്റുകളിലായാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ പൊതു ജനങ്ങള്‍ക്ക് സംശയനിവാരണം നടത്താം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു