
വയനാട്: വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്. ബെയ്ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വഴിയൊരുങ്ങുകയാണ്.
ബുധനാഴ്ച തുടങ്ങിയ നിര്‍മാണം പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകല്‍ കഠിനാധ്വാനംചെയ്ത് പൂര്‍ണ്ണ സജ്ജമാക്കിയ പാലത്തിലൂടെ ഇന്ന് വൈകീട്ട് 5.50 ഓടെ ആദ്യ വാഹനം കടത്തിവിട്ടു. കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്.
മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഒരേസമയം 24 ടണ്‍ ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്ലി ബാലം. ഹിറ്റാച്ചി അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ യന്ത്രസാമഗ്രികള്‍ ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈയിലേയ്‌ക്കെത്തിക്കാനാകും.
പാലം നിര്‍മിക്കാനുള്ള സാധന സാമഗ്രികള്‍ ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ വായുസേനയുടെ അഭിമാനമായ ഗ്ലോബ്മാസ്റ്ററിലാണ് എത്തിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച ഇത് 17 ലോറികളിലാണ് വയനാട്ടിലെത്തിച്ചത്.
അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയര്‍ന്നു. 34 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. മുണ്ടക്കൈയില്‍ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സര്‍ക്കാരിനെ അറിയിച്ചു.
കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. 240 പേരെ ഇപ്പോഴും കാണാനില്ല. മുണ്ടക്കൈയില്‍ തകര്‍ന്ന വീടുകളുടെ ഉള്ളിലും മണ്ണിന് അടിയിലുമായി ഇവര്‍ അകപ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്. വലിയ യന്ത്രങ്ങള്‍ എത്തിച്ചാല്‍ മാത്രമേ പൂര്‍ണതോതില്‍ തെരച്ചില്‍ സാധ്യമാകൂ. പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ ആവാത്തതിനാല്‍ മരണസംഖ്യ ഏറെ ഉയര്‍ന്നേക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




