ദിലീപുള്‍പ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതി സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ കസ്റ്റഡിയില്‍. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞ ദവസം സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കുടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറിയിട്ടുണ്ട്.
കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കില്‍ കൂടുതല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ പറഞ്ഞതായി ഹര്‍ജിയില്‍ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ടു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ ചോദ്യം ചെയ്യലുമായി സായ് ശങ്കര്‍ സഹകരിച്ചില്ല. തുടര്‍ന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുകയായിരുന്നു.




