തൃശൂര്‍: തൃശൂരിലെ പുള്ള് എന്ന സ്ഥലത്തെ ഒരു ബേക്കറയിലേക്ക് കണ്ണീരോടെയാണ് ഒരു സ്ത്രീ കയറി വന്നത്. ‘എന്റെ സഹോദരിയുടെ മകനു വൃക്ക മാറ്റിവയ്ക്കണം. പണമില്ല. സഹായിക്കാമോ”? എന്നായിരുന്നു ആ സ്ത്രീയുടെ ചോദ്യം. അല്‍പം ആലോചിച്ച ശേഷം ബേക്കറി ഉടമ ഷൈജു സായ് റാം ഒരു മറുപടി പറഞ്ഞു.’ പണം തരില്ല ചേരുമെങ്കില്‍ എന്റെ വൃക്ക തരാം’. ഇത് കേട്ടപ്പോള്‍ തമാശയെന്നാണ് ആ സ്ത്രീ കരുതിയത്. എന്നാല്‍ ഷൈജുവിന്റെ വാക്ക് അത് കാര്യമായിട്ട് തന്നെയായിരുന്നു. അന്തിക്കാട് പച്ചാമ്പുള്ളി സുമേഷിന്റെ ശരീരത്തില്‍ അടുത്തയാഴ്ച ഷൈജുവിന്റെ വൃക്ക വച്ചു പിടിപ്പിക്കും.
വൃക്കകള്‍ തകരാറിലായ 39കാരനായ സുമേഷ് ആഴ്ചയില്‍ മൂന്ന് ഡയാലിസിസിന് വിധേയനാകണം. ഈ ദുരിത കഥ അറിഞ്ഞതോടെ പുള്ള് സെന്ററിലെ സായ് റാം ബേക്കറി ഉടമയും കോണ്‍ഗ്രസ് ചാഴൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ ഷൈജു സായ് റാം (43) വൃക്ക നല്‍കാന്‍ സന്നദ്ധനാവുകയായിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്കായി ഷൈജുവിനെ ഇന്ന് എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഇവിടെ ചികിത്സയിലാണ് സുമേഷ്.
നേരത്തെ സുമേഷിന്റെ ഭാര്യയും ബന്ധുക്കളും വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും ചേരില്ലായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയ്ക്കായി കുടുംബം സഹായം തേടുകയായിരുന്നു. ഇത്തരത്തില്‍ സഹായമഭ്യര്‍ത്ഥിച്ചാണ് ഷൈജുവിന്റെ കടയിലുമെത്തിയത്. പണം നല്‍കി സഹായിക്കുന്നതിനേക്കാള്‍ നല്ലതു വൃക്ക നല്‍കുന്നതാണെന്ന തീരുമാനമെടുത്ത ഷൈജുവിന് എല്ലാ പിന്തുണയും നല്‍കി ഭാര്യ സനിതയും മക്കളായ നന്ദനയും സായ് കൃഷ്ണയും ഒപ്പമുണ്ട്.
തൃശൂരില്‍ ബാര്‍ബറായിരുന്ന സുമേഷ് പിന്നീട് ഗള്‍ഫില്‍ പോയി. വൃക്കരോഗം കലശലായതോടെ 4 വര്‍ഷം മുന്‍പ് തിരിച്ചുപോന്നു. ശസ്ത്രക്രിയാ ചെലവുകള്‍ക്ക് ചുരുങ്ങിയത് 12 ലക്ഷം രൂപ വേണം. ചികിത്സാ സഹായ സമിതിയുടെ പക്കല്‍ ഉള്ളത് 7.5 ലക്ഷമാണ്. ഇതില്‍ 4.45 ലക്ഷം ശസ്ത്രക്രിയയ്ക്കായി കെട്ടിവയ്ക്കണം.




