വ്യാപാരിയെ ഭീഷണപ്പെടുത്തി പണം തട്ടിയെന്ന കേസ്; കൊച്ചിയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍. മുപ്പതാം ഡിവിഷന്‍ കൗണ്‍സിലറായ ടിബിന്‍ ദേവസിയാണ് പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിന്‍ ദേവസി. കാഞ്ഞങ്ങാട് സ്വദേശിയാണ് മര്‍ദനത്തിനിരയായത്. പരുക്കേറ്റ വ്യാപാരി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇടപ്പള്ളിയില്‍ വ്യാപാരം നടത്തുന്ന കാസര്‍കോട് സ്വദേശിയെയാണ് പ്രതികള്‍ കടയില്‍ കയറി മര്‍ദ്ദിക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്തത്. പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പിന്നീട് പരാതിക്കാരന്റെ ഭാര്യ പിതാവിനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയുടെ മുദ്രപേപ്പറുകള്‍ ഒപ്പിട്ട് വാങ്ങിയെന്നും രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിര്‍ബന്ധിച്ച് വാങ്ങിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സംഭവത്തില്‍ പത്തോളം പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും എളമക്കര പൊലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top