വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയനാട് ഡിസിസി അംഗവും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഒ എം ജോര്‍ജ്ജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെ പി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
അന്വേഷണ വിധേയമായി ഒ എം ജോര്‍ജിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാകമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ബ്ലോക്ക് കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെതുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍.

പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ പരാതിയിലാണ് ജോര്‍ജിനെതിരെ പോസ്‌കോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പാകാറുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോലിക്ക് പോകാറുണ്ട്. രക്ഷിതാക്കള്‍ ഒപ്പമില്ലാത്ത അവസരത്തില്‍ ജോര്‍ജ്ജ് പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. കുട്ടി ഒരാഴ്ച മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം കുട്ടി ഇവരോട് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ് ബത്തേരി പോലീസിനെ വിവരമറിയിച്ചത്. സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

Related Articles