സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനം 30ന് : മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാര്‍ച്ച് 30ന് നടക്കുമെന്ന് മന്ത്രി എം ബി രാജേഷ് സെക്രട്ടേറിയറ്റ് പി ആര്‍ ചേമ്പറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ എല്ലാം കൈവരിച്ച് 126 ഗ്രാമപഞ്ചായത്തുകളും 13 മുന്‍സിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 8337 മാലിന്യമുക്ത വാര്‍ഡുകളുടെ പ്രഖ്യാപനവും പൂര്‍ത്തിയായി. പദവി കൈവരിച്ച ഹരിത സ്‌കൂളുകള്‍, കോളേജുകള്‍, ടൗണുകള്‍, മാര്‍ക്കറ്റ്, അയല്‍ക്കൂട്ടങ്ങള്‍, ടൂറിസംകേന്ദ്രം, ഓഫീസുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നുവരുന്നു. ഏപ്രില്‍ 5 നകം ജില്ലാതല പ്രഖ്യാപനങ്ങളും ഇതിന്റെ തുടര്‍ച്ചയായി നടക്കും. സ്റ്റാറ്റസ് റിപ്പോര്‍ട്ട് അവതരണങ്ങള്‍, വിവിധ വിഭാഗങ്ങളിലെ അവാര്‍ഡ് വിതരണം, മികച്ച മാതൃകകളുടെ അവതരണങ്ങള്‍, മുന്നോട്ടുളള പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവ ഉള്‍പ്പെടുന്നതാണ് പ്രഖ്യാപന പരിപാടികളെന്ന് മന്ത്രി വിശദമാക്കി.

സമ്പൂര്‍ണ ഹരിത വിദ്യാലയം, ഹരിത കലാലയം, പൊതുസ്ഥലങ്ങള്‍ വൃത്തിയുള്ളതും വലിച്ചെറിയല്‍ മുക്തവും, വൃത്തിയുള്ളതും വലിച്ചെറിയല്‍ മുക്തവുമായ ടൗണുകള്‍ കവലകള്‍, എല്ലാ അയല്‍ക്കൂട്ടങ്ങളും ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപനം, എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപനം, സമ്പൂര്‍ണ ഹരിതസ്ഥാപന പ്രഖ്യാപനം, മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഹരിതമിത്രം ആപ്പിന്റെ സമ്പൂര്‍ണ്ണമായ ഉപയോഗം, അജൈവമാലിന്യത്തിന്റെ കൃത്യതയുള്ള നീക്കം, പബ്ലിക് ബിന്നുകള്‍, നിര്‍വഹണ സമിതി – നിര്‍വ്വഹണ സമിതിയുടെ പ്രവര്‍ത്തനം, എന്‍ഫോഴ്സ്‌മെന്റ് പരിശോധനകള്‍ എന്നിങ്ങനെ 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80% പുരോഗതി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്.

പ്രഖ്യാപനങ്ങള്‍ നടത്തി പ്രവര്‍ത്തനം അവസാനിപ്പിക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മാലിന്യ സംസ്‌കരണ പുരോഗതിയെ 80% ല്‍ നിന്ന് 100% ആക്കാനുള്ള പ്രവര്‍ത്തനങ്ങളാകും പ്രധാനമായും ഏറ്റെടുക്കുന്നത്. മാലിന്യമുക്തമായവ നിലനിര്‍ത്താനും, അല്ലാത്ത പ്രദേശങ്ങളെ മാലിന്യമുക്തമാക്കാനുമുള്ള വിപുലമായ പ്രവര്‍ത്തന പദ്ധതിയും നടപ്പിലാക്കും. എല്ലാത്തരം മാലിന്യത്തിന്റെയും പരിപാലനം, സമ്പൂര്‍ണമായ ഡിജിറ്റല്‍ ട്രാക്കിംഗ് എന്നിവയും നടപ്പിലാക്കും. പുനര്‍ചംക്രമണ പാര്‍ക്കുകള്‍ കൊണ്ടുവരാനുള്ള നടപടികള്‍ ശക്തിപ്പെടുത്തുമെന്നും മാര്‍ച്ച് 30 ന് ശേഷം ഈ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാതില്‍പ്പടി ശേഖരണം 89 ശതമാനമായി വര്‍ധിച്ചു. മിനി എംസിഎഫ് എണ്ണം 19721, എംസിഎഫ് എണ്ണം 1330 ക്ലീന്‍ കേരള കമ്പനിയുടെ ശേഖരണ സംവിധാനം 165800 സ്‌ക്വയര്‍ ഫീറ്റായി, അതിലൂടെ കൈകാര്യം ചെയ്ത അജൈവ മാലിന്യം 49978 ടണ്‍. 79.2 ലക്ഷം പേര്‍ ഹരിതമിത്രം ആപ്പ് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. 52202 എന്‍ഫോഴ്സ്മെന്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും 5.70 കോടി പിഴ ചുമത്തുകയും ചെയ്തു.

ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ 5997.56 കിലോമീറ്റര്‍ നീര്‍ച്ചാലില്‍ 3771.12 കിലോമീറ്ററിലെ മാലിന്യം നീക്കി വീണ്ടെടുത്തു. മാലിന്യം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സിംഗിള്‍ വാട്ട്സാപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 22.55 ലക്ഷം രൂപ ഫൈന്‍ ചുമത്തിയിട്ടുണ്ട്. ആകെ 5495 പരാതികളാണ് വാട്ട്സാപ്പ് നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്തത്.

271 കമ്മ്യൂണിറ്റി ബയോ മെത്തനേഷന്‍ പ്ലാന്റിന് പുറമെ എറണാകുളം ജില്ലയില്‍ ബ്രഹ്‌മപുരത്ത് ബയോ സിഎന്‍ജി പ്ലാന്റിന്റെ പ്രവര്‍ത്തനം മെയ് മാസത്തില്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, ചങ്ങനാശേരി, കൊല്ലം, തൃശൂര്‍ ഉള്‍പ്പെടെയുള്ള 5 സ്ഥലങ്ങളില്‍ ബയോ സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് വ്യവസായ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന 200 TPDയുടെ CBG/RDF പ്ലാന്റ് ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ആകെയുള്ള 59 മാലിന്യക്കൂനകളില്‍ 24 എണ്ണം പൂര്‍ണമായും നീക്കം ചെയ്തു 56.25 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. ബ്രഹ്‌മപുരം ഉള്‍പ്പെടെ 10 എണ്ണത്തിലെ പണി അവസാനഘട്ടത്തിലാണ്.

പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, എസ് സി എസ് ടി, ഫിഷറീസ്, ആരോഗ്യം, ഗതാഗതം, വനം, വിനോദസഞ്ചാരം, പരിസ്ഥിതി കാലാവസ്ഥാ, കൃഷി, തൊഴില്‍, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഗ്യാപ്പ് അസസ്സ്മെന്റ് പൂര്‍ത്തിയാക്കുയയും ഇവ പരിഹരിക്കുന്നതിനുള്ള പദ്ധതി നിര്‍മ്മണത്തിലേക്കുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top