ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ മിഷന്‍ ഇന്ദ്രധനുഷിന് ആഗസ്റ്റ് ഏഴു മുതല്‍ ജില്ലയില്‍ തുടക്കമാവും. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍നിന്ന് മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയും നടക്കും.
ക്യാമ്പയിന്റെ മുന്നോടിയായി മിഷന്‍ ഇന്ദ്രധനുഷ് 5.0 ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗം പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ശ്രീധന്യ സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡി.എം.ഒ ഡോ. ആര്‍. രേണുക പദ്ധതി വിശദീകരിച്ചു. ഹോട്ടല്‍ സൂര്യ റീജന്‍സില്‍ വെച്ച് നടന്ന യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ: എന്‍.എന്‍ പമീലി, അസി. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. അബ്ദുല്‍ നിസാര്‍, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍ മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, ബാലക്ഷയം, പോളിയോ, മിസില്‍സ്, റുബെല്ല, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മിഷന്‍ ഇന്ദ്രധനുഷ് സംരക്ഷണം നല്‍കും. കൂടാതെ, ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. മുന്‍കാലങ്ങളില്‍ ഭാഗികമായി കുത്തിവെയ്പ്പ് എടുത്തവര്‍ക്കും ഇതുവരെയും എടുക്കാന്‍ കഴിയാത്തവര്‍ക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കാന്‍ കഴിയും.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ കുത്തിവെയ്പ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ആരോഗ്യ ബോധവത്കരണം നല്‍കുകയും ചെയ്യും. പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്‍വര്‍ഷത്തെ പോരായ്മകള്‍ മറികടന്ന് കൃത്യമായ പ്രതിരോധം തീര്‍ക്കുകയാണ് മിഷന്റെ ലക്ഷ്യം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




