ആശുപത്രിയിലെ മെഡിക്കല്‍ മാലിന്യം റോഡ് പണിക്ക് തള്ളിയതായി പരാതി; അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

Complaint that medical waste from the hospital was dumped on the road; A case has been registered against five persons

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ മാലിന്യം റോഡ് പണിക്ക് ഉപയോഗിച്ചതായി പരാതി. റോഡില്‍ തള്ളിയ മാലിന്യത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പോലീസെത്തി മാലിന്യം തള്ളിയവര്‍ക്കെതിരെ കേസെടുത്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഞ്ച് പേര്‍ക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ നീക്കം ചെയ്യിച്ചു. കൊടിഞ്ഞി എച്ചിക്കുപ്പി ഉളുന്താര്‍ റോഡ് നിര്‍മാണത്തിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. തിങ്കളാഴ്ചയാണ് സംഭവം.

റോഡ് നിര്‍മിക്കുന്നതിന് വേണ്ടി കുഴിനികത്താന്‍ താലൂക്ക് ആസ്പത്രിയില്‍ നിന്നും പഴയ കെട്ടിട അവശിഷ്ടം എന്ന പേരില്‍ തള്ളിയത് ആശുപത്രി
മാലിന്യമാണ് നാട്ടുകാര്‍ നീക്കം ചെയ്യിച്ചത്. ആറ് ലോഡോളം കൊണ്ടുവന്ന് ഇവിടെ തള്ളുകയായിരുന്നു. ഉളുന്താര്‍ റോഡ് 50 മീറ്റര്‍ പാടശേഖരത്തിലൂടെ നീട്ടുന്നതിന്റെ വര്‍ക്ക് നടന്ന് വരികയാണ്. നന്നമ്പ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഈ റോഡ് പണി നടക്കുന്നത്. 50 മീറ്റര്‍ റോഡ് നീട്ടണമെങ്കില്‍ 3 മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് നികത്തണം. ഇതിനായി എത്തിച്ച മണ്ണിലാണ് ഹോസ്പിറ്റല്‍ മാലിന്യം നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചെവ്വാഴ്ച നാട്ടുകാര്‍ സംഘടിച്ച് വിവരം പൊലീസിലറിയിക്കുകയായിരുന്നു. പൊലീസെത്തി കരാറുകാരനുമായി സംസാരിച്ചപ്പോഴാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും എത്തിയ മണ്ണാണ് ഇവിടെ തട്ടിയതെന്ന് വ്യക്തമായത്. കെട്ടിട അവശിഷ്ടമാണ് എന്ന് പറഞ്ഞതിനാലാണ് റോഡ് പണി നടക്കുന്നിടത്ത് തട്ടാന്‍ നിര്‍ദ്ദേശിച്ചതെന്ന് റോഡ് കരാറുകാരന്‍ പൊലീസിനോട് പറഞ്ഞത്.

ആശുപത്രിയിലെ മാലിന്യം കുഴിയെടുത്ത് മുഴുവനായും അതില്‍ നിക്ഷേപിച്ച് മൂടാനാണ് താലൂക്ക് ആസ്പത്രി നിര്‍ദ്ദേശിച്ചത്. പക്ഷെ ആശുപത്രി അധികൃതര്‍ അറിയാതെയാണ് അവിടെ നിന്നും ആറ് ലോഡ് മണ്ണും വേസ്റ്റും ഏറ്റെടുന്ന കരാറുകാരന്‍ കടത്തിയത്. ഇതാണ് കൊടിഞ്ഞിയിലെ റോഡില്‍ തട്ടിയത്. തട്ടിയ മണ്ണില്‍ മാസ്‌ക്കും, സിറിഞ്ചും, പി.പി.ഇ കിറ്റ് കവറുകളും അടക്കമുള്ള ആശുപത്രി മാലിന്യമാണ് ഉണ്ടായത്. തട്ടിയ കരാറുകാരനോട് പൂര്‍ണമായും നാട്ടുകാരും പൊലീസും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് തിരിച്ച് എടുപ്പിച്ചു. ബാക്കിവരുന്ന മാലിന്യം വെള്ളം വറ്റിച്ച് പൂര്‍ണമായും എടുക്കാന്‍ കരാറുകാരന് നിര്‍ദേശം പൊലീസ് നല്‍കി.

സംഭവം അറിഞ്ഞ് താലൂക്ക് ആശുപത്രിയിലെത്തിയ നഗരസഭ അധികൃതര്‍ തിരികെ എടുത്ത മുഴുവന്‍ മാലിന്യവും കോമ്പൗണ്ടില്‍ കുഴി എടുപ്പിച്ച് അതിലിട്ട് മൂടാന്‍ കരാറുകാരന് കര്‍ശന നിര്‍ദേശം നല്‍കി. കോവിഡ് കാലത്ത് ഇത്തരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പാടശേഖരത്ത് പകര്‍ച്ചവ്യാധി വ്യാപിപ്പിക്കും വിധം മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും മുസ്ലിം യൂത്ത്ലീഗും തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •