കോഴിക്കോട്:വിദ്യാര്‍ത്ഥിയെ മിഠായി മോഷണം നടത്തിയെന്ന് ആരോപിച്ച് ക്യാന്റീന്‍ ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. കോക്കല്ലൂര്‍ സ്വദ്ദേശിയായ സജിക്കെതിരെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സഹപാഠികള്‍ നോക്കി നില്‍ക്കെ മോഷണക്കുറ്റം ആരോപിച്ചത് തന്നെ മാനസികമായി തകര്‍ത്തുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് ക്യാന്റീന്‍ ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. സഹപാഠികള്‍ നോക്കി നില്‍ക്കെ മിഠായി എടുത്തുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. കൈ പിടിച്ച് തിരിക്കുകയും കഴുത്തില്‍ പിടിച്ച് അമര്‍ത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ഥി പറഞ്ഞു.
ഇന്നലെയാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയ കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാതിരുന്നതോടെയാണ് രക്ഷിതാക്കള്‍ വിവരമറിയുന്നത്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ ചികിത്സ തേടി.
വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.



