കോണ്‍വെല്‍ത്ത് ഗെയിംസ് താരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വീകരണം

ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത കേരളതാരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വീകരണം. 16-ന് രാവിലെ 10 മണിക്ക് സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി.
സംസ്ഥാന ഇന്റര്‍ക്ലബ്ബ് അത്‌ലറ്റിക്‌സ് ഉദ്ഘാടനത്തിന്റെ ഭാഗമായി കേരള അത്‌ലറ്റിക്‌സ് അസോസിയേഷനും സര്‍വകലാശാലയും ചേര്‍ന്നാണ് ചടങ്ങ് നടത്തുന്നത്.

സ്‌റ്റേഡിയത്തില്‍ നിന്ന് താരങ്ങളെ വാദ്യഘോഷങ്ങളോടെ സെമിനാര്‍ കോംപ്ലക്‌സിലേക്ക് ആനയിക്കും.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാക്കളായ എല്‍ദോപോള്‍, ശ്രീശങ്കര്‍, അബ്ദുള്ള അബൂബക്കര്‍ മികച്ച പ്രകടനം കാഴ്ച വെച്ച മുഹമ്മദ് അനസ്, മുഹമ്മദ് അനീസ്, മുഹമ്മദ് അജ്മല്‍, നോഹ നിര്‍മല്‍ ടോം, ആന്‍സി സോജന്‍, പരിശീലകരായ മുരളി, ഹരികൃഷ്ണന്‍, ടി.പി. ഔസേഫ്, എം.എ. ജോര്‍ജ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സ് വിഭാഗം മാനേജര്‍ പി.ഐ. ബാബു തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിക്കും.

വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പി.ടി. ഉഷ എം.പി., പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ.,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍, അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സര്‍വകലാശാലാ കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top