Section

malabari-logo-mobile

കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിനെ മദ്ധ്യകേരളത്തിലെ ഒന്നാമത്തെ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും-മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍

HIGHLIGHTS : കൊച്ചി:ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിനെ മദ്ധ്യകേരളത്തിലെ ഒന്നാമത്തെ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുമെന്ന...

കൊച്ചി:ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിനെ മദ്ധ്യകേരളത്തിലെ ഒന്നാമത്തെ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുമെന്നും അതിനായ കിഫ്ബി വഴി തുക അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ സാമൂഹികനീതി വകുപ്പു മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ആരോഗ്യ ജാഗ്രത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ക്യാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കും. ഇതിനൊപ്പം സുസ്ഥിര വികസനം എന്ന ആശയത്തിലൂടെ പകര്‍ച്ചവ്യാധികളെ പൂര്‍ണമായും തടയുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്ന മിലേനിയം വികസനത്തിന്റെ ഭാഗമായാണ് സുസ്ഥിര വികസനമെന്ന ലക്ഷ്യം സംസ്ഥാനവും മുന്നോട്ടുവെച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ ആരോഗ്യത്തിന് മൂന്നാം സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഇവിടുത്തെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തുകയും അതിന് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കുകയുമാണ്. ചില കാര്യങ്ങളില്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച സുസ്ഥിര വികസനത്തെക്കാളും കേന്ദ്ര സര്‍ക്കാരിന്റെ വികസനത്തെക്കാളുമെല്ലാം മുന്നേറാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നുണ്ട്.

sameeksha-malabarinews

2020, 2030 ഓടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകിച്ചും പകര്‍ച്ചവ്യാധി ഉള്‍പ്പെടെ രോഗങ്ങള്‍ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തില്‍ വിദഗ്ധരുടെ ഒരു ഗ്രൂപ്പിനെ സര്‍ക്കാര്‍  കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മാതൃ-ശിശു മരണ നിരക്കുകള്‍ കുറയ്ക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. മലമ്പനിയും മന്തുരോഗവും പൂര്‍ണമായും തുടച്ചു നീക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ കുടുംബക്ഷേമം അഡി. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ വിഷയാവതരണം നടത്തി. വിവിധ വിഷയങ്ങളില്‍ ഡോ. മീനാക്ഷി വി., ഡോ.എം. സുനില്‍ കുമാര്‍, ഡോ. ജെ. പത്മലത, ഡോ. ബിപിന്‍ കെ. മോഹന്‍, ഡോ. കെ.സന്ദീപ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പു ഡയറക്ടര്‍ ഡോ.ആര്‍. എല്‍. സരിത സ്വാഗതവും അഡി.ഡി. എച്ച്. എസ് (പി.എച്ച്) ഡോ.കെ ജെ.റീന നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!