Section

malabari-logo-mobile

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്‍മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തും: മുഖ്യമന്ത്രി

HIGHLIGHTS : തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്‍മയുടെ മുഖം നല്‍കുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വാതന...

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്‍മയുടെ മുഖം നല്‍കുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി സമരത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പ് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യം തന്നെ അമൃതം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യതിന്‍മകള്‍ക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നല്‍കുന്ന പ്രവണതയും ഇന്ന് ഉയര്‍ന്നു വരുന്നു. അതിനെ മുളയിലേ നുള്ളിക്കളയണം. സാമൂഹ്യ തിന്‍മകള്‍ക്ക് നേതൃത്വം നല്‍കുന്നത് സമൂഹത്തിന്റെ പൊതുതാത്പര്യത്തിന് എതിരായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും വിഭാഗത്തോടു മാത്രം ചേര്‍ത്ത് ഉപമിക്കരുത്. അങ്ങനെ ചെയ്യുന്നത് അത്തരം തിന്‍മകള്‍ക്കെതിരായ പൊതുഐക്യത്തെ ദുര്‍ബലപ്പെടുത്തും. സമൂഹത്തിലെ വേര്‍തിരിവുകള്‍ വര്‍ധിക്കാനേ അത്തരം നടപടി ഉപകരിക്കൂ. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാനും ചിന്തിക്കാനും പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ഓര്‍മ പുതുക്കുന്ന ദിനത്തില്‍ ജാതിയെയും മതത്തെയും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം പരിശോധിക്കുമ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകള്‍ പ്രസക്തമാണ്. അന്ധകാരത്തെ അന്ധകാരം കൊണ്ട് തുടച്ചു നീക്കാനാവില്ല, വെളിച്ചം കൊണ്ടേ സാധിക്കൂ. വിദ്വേഷത്തെ വിദ്വേഷം കൊണ്ട് തുടച്ചു നീക്കാനാവില്ല, സ്നേഹം കൊണ്ടേ നീക്കം ചെയ്യാനാവൂ എന്നാണ് അദ്ദേഹം പറഞ്ഞത്. വിദ്വേഷത്തിന്റെ അന്ധകാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പ്രത്യേകം കാണേണ്ടതുണ്ട്. പ്രതിലോമകരമായ പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യമെമ്പാടും നിലനിന്ന നിസഹകരണ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സമരമായി വേണം കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി സമരത്തെ കാണേണ്ടത്. അക്കാലത്തെ അയ്യന്‍കാളിയുടെ പ്രതിഷേധങ്ങളും പൗരാവകാശ പ്രക്ഷോഭവും വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രചോദനമായിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യവും അവരോടു വിധേയത്വം പുലര്‍ത്തിയിരുന്ന നാട്ടുരാജ്യങ്ങളും ഇത്തരം സമരങ്ങളെയെല്ലാം സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളായാണ് കണ്ടിരുന്നത്. വിദ്യാര്‍ത്ഥി സമരത്തിന് ജനപിന്തുണ ഏറിയതും അതിനെ മര്‍ദ്ദിച്ചൊതുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോഴാണ് ഫീസ് വര്‍ധനവ് പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ സമാധിദിനം കൂടിയാണ് ഇന്ന്. കേരളത്തിലെ സാമൂഹ്യ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഓര്‍ത്തെടുക്കാന്‍ ഈ ദിനം ഉപകരിക്കും. അത് വരുംതലമുറയ്ക്ക് കൈമാറാന്‍ ശ്രമം നടക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥി സമരത്തിന്റെ നൂറു വര്‍ഷത്തെ ചരിത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് ബൃഹദ് പദ്ധതി തയ്യാറാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണിരാജു, ജി. ആര്‍. അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!