മെസിക്ക് പരുക്ക്; വരും മത്സരങ്ങളില്‍ കളിക്കില്ല

പിഎസ്ജി സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരുക്ക്. താരത്തിന്റെ കാല്‍മുട്ടിനാണ് പരുക്കേറ്റിരിക്കുന്നത്. ഇതോടെ ഒരാഴ്ചയെങ്കിലും താരം പുറത്തിരിക്കും. മെസി പിഎസ്ജിയുടെ അടുത്ത മത്സരങ്ങളില്‍ കളിക്കില്ല. ഫ്രഞ്ച് ലീഗില്‍ മെറ്റ്‌സിനെതിരായ മത്സരവും ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരവും മെസിക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒളിമ്പിക് ലിയോണിനെതിരെ നടന്ന മത്സരത്തിലാണ് മെസിക്ക് പരുക്കേറ്റത്.

ഒളിമ്പിക് ലിയോണിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കഷ്ടപ്പെട്ട് രക്ഷപ്പെട്ട ഫ്രഞ്ച് ക്ലബിനായി നെയ്മര്‍, മൗറോ ഇക്കാര്‍ഡി എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ആദ്യം സ്‌കോര്‍ ചെയ്തത് ലിയോണ്‍ ആയിരുന്നെങ്കിലും പിഎസ്ജി തിരികെ വരികയായിരുന്നു.

പിഎസ്ജിക്കായി മെസി, നെയ്മര്‍, എംബാപ്പെ, ഡിമരിയ എന്നിവരൊക്കെ കളത്തിലിറങ്ങിയെങ്കിലും 54ആം മിനിട്ടില്‍ ലൂക്കാസ് പക്കേറ്റ നേടിയ ഗോളില്‍ ലിയോണ്‍ ആണ് മുന്നിലെത്തിയത്. 66ആം മിനിട്ടില്‍ ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ച് നെയ്മര്‍ പിഎസ്ജിയെ ഒപ്പമെത്തിച്ചു. പിന്നീട് പകരക്കാരനായി എത്തിയ മൗറോ ഇക്കാര്‍ഡി രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പിഎസ്ജിയുടെ വിജയഗോള്‍ നേടുകയായിരുന്നു. 6 മത്സരങ്ങള്‍ എല്ലാം വിജയിച്ച് 18 പോയിന്റുമായി പിഎസ്ജി തന്നെയാണ് ലീഗില്‍ ഒന്നാമത്.

 

Share news
error: Content is protected !!
Scroll to Top