
തിരുവനന്തപുരം:ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പിന്തുടര്‍ച്ചയായ ഉദ്യോഗസ്ഥാധിപത്യ രീതികളില്‍ നിന്ന് മാറി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവില്‍ സര്‍വീസ് മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനോന്‍മുഖ നടപടികള്‍ കൈക്കൊണ്ട് എല്ലാ തലത്തിലും ജനാധിപത്യ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളത്തിലെ സിവില്‍ സര്‍വീസ് ജേതാക്കള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയും മന്ത്രിസഭയും ആവിഷ്‌കരിക്കുന്ന നയങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണിവര്‍. നിയമപരമായും ഭരണഘടനാപരമായും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. എന്നാല്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ലഭിക്കില്ല. മതനിരപേക്ഷതയിലും മനുഷ്യത്വത്തിലും ഊന്നിയാവണം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം. ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതനിരപേക്ഷതയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മാനുഷികമായ അന്തസ്സോടെ ജനങ്ങളോട് ഇടപെടാന്‍ ഉദ്യോഗസ്ഥര്‍ക്കാവണം. സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിലും യുവാക്കള്‍ പൊതുസേവന രംഗത്തേക്ക് കടന്നുവരുന്നത് ഏറെ സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമി ഈ വര്‍ഷം മികച്ച നേട്ടമാണ് കൈവരിച്ചത്. അക്കാദമിയില്‍ നിന്ന് 47 പേര്‍ ഇത്തവണ വിജയികളായി. കഴിഞ്ഞ വര്‍ഷം ഇത് 43 ആയിരുന്നു. കൂടുതല്‍ മലയാളികളെ സിവില്‍ സര്‍വീസിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2005ല്‍ ആരംഭിച്ച അക്കാദമിക്ക് ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും സെന്ററുകളുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പിന്തുണ അക്കാദമി ഉറപ്പുവരുത്തുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളി വിഭാഗത്തിലെ കുട്ടികള്‍ക്കും സൗജന്യ പരിശീലനം നല്‍കുന്നുണ്ട്. പൊന്നാനി സബ് സെന്ററില്‍ മുസ്ലീം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് 40,000 രൂപയുടെ സാമ്പത്തിക സഹായം നല്‍കി വരുന്നു. യു.പി.എസ്.സി. മാറ്റങ്ങള്‍ക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ അക്കാദമിയില്‍ പ്രത്യേക റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിറ്റിയും വിപുലമായ ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച 47 പേര്‍ക്കും മുഖ്യമന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
ഓരോ പ്രവര്‍ത്തനവും സാധാരണക്കാരെ മുന്നില്‍ കണ്ടുകൊണ്ടാവണമെന്നും അരികുവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യാധാരയിലെത്തിക്കാന്‍ നീതിയോടും സത്യസന്ധതയോടും നിലകൊള്ളണമെന്നും സിവില്‍ സര്‍വീസ് ജേതാക്കളോട് ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു അഭ്യര്‍ത്ഥിച്ചു.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരള ഡയറക്ടര്‍ ഇഷിതാ റോയ് തുടങ്ങിയര്‍ ജേതാക്കള്‍ക്ക് ആശംസ അര്‍പ്പിച്ചു.




