Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു; ജലജന്യ രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

HIGHLIGHTS : Cholera has been confirmed in Malappuram district

choleraമലപ്പുറം: ജില്ലയില്‍ വഴിക്കടവ് പഞ്ചായത്തില്‍ രണ്ട് വ്യക്തികള്‍ക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ രേണുക ആര്‍ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേര്‍ കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നത് രോഗം പടര്‍ന്നു പിടിക്കാനുള്ള സൂചന നല്‍കുന്നുണ്ട്.
8 പേര്‍ വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ ആണ്

വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയില്‍ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനില്‍ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്.
ഇതേ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളില്‍ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത്; ഇത് മലിനജലം കൂടുതല്‍ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവന്‍ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.

sameeksha-malabarinews

പഞ്ചായത്ത് തല ദ്രുത കര്‍മ്മ സേന അടിയന്തരമായി യോഗം ചേരുകയും മുന്നറിയിപ്പ് നടത്തുന്നതിന് വേണ്ടിയിട്ടുള്ള പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ടൗണുകളിലും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുകയുടെ യുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുകയും; പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു .മലിനജലം തുറന്ന് വിട്ട ഹോട്ടലുകള്‍ അടപ്പിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു ( ഫോണ്‍ നമ്പര്‍ :8547918270, 9496127586,9495015803)

ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരിയുടെ നേതൃത്വത്തില്‍ ജില്ലാതല ആര്‍ ആര്‍ടി യോഗം ചേരുകയും കോളറ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കുകയും ചെയ്തു. യോഗത്തില്‍ ആരോഗ്യവകുപ്പിലെയും മറ്റുവകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു .

എന്താണ് കോളറ

തുടര്‍ച്ചയായി മലം കഞ്ഞിവെള്ളം പോലെ പോകുന്ന അവസ്ഥയാണ് കോളറ. ഛര്‍ദ്ദിയും കാണപ്പെടും. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കേണ്ടതാണ്.

കൂടാതെ മഞ്ഞപ്പിത്തം, വയറിളക്കം പോലെയുള്ള ജലജന്യ രോഗങ്ങള്‍ക്കെതിരെയും നാം ജാഗ്രത പാലിക്കണം.
ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങള്‍, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് കോളറ പോലെയുള്ള വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. ഫലപ്രദമായ കൈകഴുകല്‍ ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്.

വയറിളക്ക രോഗങ്ങള്‍ ഏറെ അപകടകരം

വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

പാനീയ ചികിത്സ ഏറെ ഫലപ്രദം

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഛര്‍ദിച്ചോ, വയറിളകിയോ പോയാലും വീണ്ടും പാനീയം നല്‍കേണ്ടതാണ്. പാനീയചികിത്സ കൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു.

മറക്കല്ലേ ഒആര്‍എസ് ലായനി

ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒആര്‍എസ് ലായനി നല്‍കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നല്‍കേണ്ടതാണ്. ഒആര്‍എസ് പായ്ക്കറ്റുകള്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലും ഉപകേന്ദ്രത്തിലും അങ്കണവാടികളിലും സൗജന്യമായി ലഭിക്കും. പാനീയ ചികിത്സ നടത്തിയിട്ടും രോഗലക്ഷണങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ രോഗിയെ ഉടനെ എത്തിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതുമായതും തുറന്നുവച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ജല ലഭ്യത കുറഞ്ഞ ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡി എം ഒ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!