സംസ്ഥാനത്ത് വീണ്ടും കോളറ;തിരുവനന്തപുരത്ത് 11 വയസുകാരന്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് കോളറ ബാധ സ്ഥിരീകരിച്ചത്. കുട്ടി ചികിത്സയിലാണ്. ഹോസ്റ്റലിലെ എട്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോസ്റ്റലില്‍ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി.

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ 26 വയസ്സുകാരന്‍ അനു മരിച്ചിരുന്നു. അനുവിന് ശര്‍ദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണം കോളറ ആണോ എന്ന് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനു മരിച്ചത്. അനുവിന്റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ മരണം കോളറ മൂലമാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നില്ല.

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ച് ഡിഎച്ച്എസിന് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. നിലവില്‍ ഒരാള്‍ക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഏഴുപേര്‍ കോളറ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം മരിച്ച 26 കാരന്റെ പരിശോധനാഫലത്തില്‍ കോളറ സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

 

Share news
error: Content is protected !!
Scroll to Top