HIGHLIGHTS : Children should not be made scapegoats due to marital problems: P. Satidevi
മലപ്പുറം ജില്ലാ തല അദാലത്തില്‍ ലഭിച്ച 44 പരാതികളില്‍ 10 പരാതികള്‍ തീര്‍പ്പാക്കിയതായി വനിതാകമ്മീഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു. നാലു പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഗാര്‍ഹിക ചുറ്റുപാടുകളില്‍ നിന്നുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും അദാലത്തില്‍ ഉന്നയിക്കപ്പെട്ടത്. ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍, മദ്യപാനം മൂലം ഉണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങള്‍, വിവാഹേതരബന്ധങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഉയര്‍ന്നുവന്നതെന്നും ചെയര്‍പെഴ്‌സണ്‍ പറഞ്ഞു.
ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ ബലിയാടാവുന്ന സാഹചര്യമുണ്ടാകരുതെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. വീടിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത ബോധത്തോടെ വളരാനുള്ള സാഹചര്യം ഒരുക്കാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കുണ്ട്. അടുത്തകാലത്തായി കുഞ്ഞുങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കേസുകള്‍ ആശങ്കയുളവാക്കുന്നതാണ്. നല്ല വിദ്യാഭ്യാസം നല്‍കി സുരക്ഷിതമായി കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സാഹചര്യം രക്ഷിതാക്കള്‍ ഒരുക്കണമെന്നും വനിതാകമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ഓര്‍മിപ്പിച്ചു.
അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ 12 വര്‍ഷമായി ജോലി ചെയ്തിരുന്ന അധ്യാപികയ്ക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ എത്രയും പെട്ടെന്ന് പരിചയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സ്ഥാപന ഉടമയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ ഭൂരിഭാഗം ജോലിക്കാരും സ്ത്രീകളാണ്. കൃത്യമായ സേവന- വേതന വ്യവസ്ഥകള്‍ ഇല്ലാത്തതുകൊണ്ട് ധാരാളം പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ പരാതി പരിഹാര സംവിധാനം പോലുമില്ല. ഏത് സ്ഥാപനത്തിലും ആത്മാഭിമാനത്തോടെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഒരുങ്ങണമെന്ന് സതീദേവി പറഞ്ഞു. പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള ഓഫീസില്‍ `പോഷ്’ ആക്ട് പ്രകാരം ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ഉണ്ടായിരിക്കണം. ജോലിസ്ഥലങ്ങള്‍ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറണം. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തന സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
മലപ്പുറം കലക്ടറേറ്റില്‍ നടന്ന സിറ്റിങില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ വി.ആര്‍ മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. പി.കുഞ്ഞായിഷ, അഡ്വ. സുകൃതകുമാരി, അഡ്വ. ഷീന, ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.