തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത അറിവിന്റെ ഏറ്റവും വലിയ ഉത്സവമായ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് പ്രഥമ എഡിഷന്റെ ആവേശകരമായ കലാശപ്പോരില്‍ സ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം മടവൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളും കോളേജ് വിഭാഗത്തില്‍ കേരള സര്‍വകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസും ജേതാക്കള്‍.
സ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് & വിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ കോളേജ് വിഭാഗത്തില്‍ ഗവ. കോളേജ് ചിറ്റൂര്‍ പാലക്കാടാണ് രണ്ടാമത്തെത്തിയത്. വയനാട് പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസും കേരള സര്‍വകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസുമാണ് യഥാക്രമം സ്‌കൂള്‍, കോളേജ് വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനത്ത്.
എന്‍എസ്എസ് മടവൂര്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് അനന്യ പി എസ്, നവനീത് കൃഷ്ണ യു എസ് എന്നിവര്‍ പങ്കെടുത്തപ്പോള്‍ കോളേജ് വിഭാഗത്തിലെ ജേതാക്കളായ കാര്യവട്ടം ക്യാമ്പസ് ടീമില്‍ അശ്വതി പി എ, ശ്രീഹരി എം എന്നിവര്‍ അണിനിരന്നു. കണ്ണൂര്‍ സ്വദേശിയായ അശ്വതി ചരിത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിയായ ശ്രീഹരി എംകോം വിദ്യാര്‍ത്ഥിയുമാണ്. അനന്യ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും നവനീത് കൃഷ്ണ പ്ലസ് ടു വിദ്യാര്‍ത്ഥിയുമാണ്.
സ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ കലഞ്ഞൂര്‍ സ്‌കൂളിനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ നിരജ്ഞന്‍ വി, അര്‍ജുന്‍ എസ് കുമാര്‍ എന്നിവര്‍ പ്രതിനിധീകരിച്ചു. കോളേജ് വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാരായ ഗവ. കോളേജ് ചിറ്റൂര്‍ ടീമിലുണ്ടായിരുന്നത് അബ്ദുള്‍ സലാം എ എന്‍, അശ്വിന്‍ എസ് എന്നിവര്‍. പാലക്കാട് സ്വദേശിയായ അബ്ദുള്‍ സലാം ഫിലോസഫി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും ചിറ്റൂര്‍ സ്വദേശിയായ അശ്വിന്‍ ജോഗ്രഫി ബിരുദ വിദ്യാര്‍ത്ഥിയുമാണ്.
മൂന്നാം സ്ഥാനം നേടിയ പെരിക്കല്ലൂര്‍ സ്‌കൂളിനെ സഹോദരങ്ങളായ അന്‍സഫ് അമാന്‍ എ എസ്, ആസിം ഇഷാന്‍ എ എസ് എന്നിവര്‍ പ്രതിനിധീകരിച്ചപ്പോള്‍ കോളേജ് വിഭാഗത്തില്‍ മൂന്നാമത്തെത്തിയ കാര്യവട്ടം ക്യാമ്പസ് ടീമില്‍ അഭിരാമി എസ് ജി, അനുജിത്ത് കെ എന്നിവര്‍ അണിനിരന്നു. അന്‍സഫ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ആസിം 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. തിരുവനന്തപുരം സ്വദേശിയായ അഭിരാമി ഇക്കണോമിക്സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും പാലക്കാട് സ്വദേശിയായ അനുജിത്ത് എംകോം വിദ്യാര്‍ത്ഥിയുമാണ്.
സ്‌കൂള്‍ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം അഞ്ചു ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ എന്നിങ്ങനെയും കോളേജ് വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയുമാണ് ക്യാഷ് പ്രൈസ്.
വഴുതക്കാട് ഗവ. വനിത കോളേജില്‍ നടന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയില്‍ കോളേജ് വിഭാഗത്തില്‍ നിന്ന് 40 ഉം സ്‌കൂള്‍ വിഭാഗത്തില്‍ 41 ഉം ടീമുകള്‍ പങ്കെടുത്തു. ജനുവരി 12 ന് സ്‌കൂള്‍, കോളജ് തലങ്ങളില്‍ തുടങ്ങിയ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസില്‍ വിവിധ ജില്ലകളില്‍ നിന്നും യോഗ്യത നേടിയ ടീമുകളാണ് ഗ്രാന്റ് ഫിനാലെയില്‍ ഏറ്റുമുട്ടിയത്.
കോളേജ് വിഭാഗത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് നാലാം സ്ഥാനവും (ആദിത്യന്‍ ഡി എം, അശ്വിന്‍ വി ജെ) കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് അഞ്ചാം സ്ഥാനവും (വിസ്മയ സി പി, യദുനന്ദ് ജി ആര്‍), മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് (കാര്‍ത്തിക് എസ് ആര്‍, ഷംജ സാം എസ് എല്‍) ആറാം സ്ഥാനവും നേടി.
സ്‌കൂള്‍ വിഭാഗത്തില്‍ വയനാട് വാളാട് ജി എച്ച്എസ്എസ് നാലാം സ്ഥാനവും (ദില്‍നാഥ് ജെ, അന്ന ഐറിന്‍ വര്‍ക്കി) മലപ്പുറം മാറാക്കര വിവിഎം എച്ച്എസ്എസ് അഞ്ചാം സ്ഥാനവും (പ്രഭിന്‍ പ്രകാശ് വി, യശ്വന്ത് ജെ ജഗദീഷ്), കോഴിക്കോട് ചിങ്ങപുരം സികെജി മെമ്മോറിയല്‍ എച്ച്എസ്എസ് (ശരണ്യ സായി, അനസൂജ് കെ ടി കെ) ആറാം സ്ഥാനവും നേടി.
ജേതാക്കള്‍ ക്യാഷ് പ്രൈസ്, മെമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സ്വീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി.
കോളേജ് വിഭാഗത്തിലെ ക്വിസ് ജി എസ് പ്രദീപ് നയിച്ചപ്പോള്‍ സ്‌കൂള്‍ വിഭാഗത്തില്‍ ഡോ. കെ എം വിഷ്ണു നമ്പൂതിരി, ഡോ. ആഗ്‌നേയ് ജി കെ, അമിത് മധുപാല്‍ എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





