കോടഞ്ചേരി- കക്കാടംപൊയില്‍ മലയോര ഹൈവേ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കോഴിക്കോട്:സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന മലയോരപാതയുടെ നിര്‍മാണം പൂര്‍ത്തിയായ റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയില്‍ റീച്ചാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 195 കോടി ചെലവിട്ടാണ് റീച്ചിന്റെ പണി പൂര്‍ത്തിയാക്കിയത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് വൈകീട്ട് 3 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ലിന്റോ ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.

മലയോര പാതയുടെ കോഴിക്കോട് ജില്ലയില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ആദ്യ റീച്ചാണ് കോടഞ്ചേരി- കക്കാടംപൊയില്‍ പാത. തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ മൂന്ന് റീച്ചുകളിലായാണ് പാതയുടെ നിര്‍മാണം നടക്കുന്നത്. ഇതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ റീച്ചാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയുടെ മലയോര- കാര്‍ഷിക മേഖലയ്ക്ക് വലിയ ഉണര്‍വ്വുണ്ടാക്കുന്ന പാത കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ വിലങ്ങാട്- കൈവേലി- കായക്കൊടി-കുറ്റ്യാടി- മരുതോങ്കര- പെരുവണ്ണാമൂഴി- ചക്കിട്ടപാറ-നരിനട- കൂരാച്ചുണ്ട്-കല്ലാനോട്- തലയാട്-കട്ടിപ്പാറ- മലപുറം-കോടഞ്ചേരി- തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ- കക്കാടംപൊയില്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

കൂമ്പാറയിലെയും കൂടരഞ്ഞി വീട്ടിപ്പാറയിലെയും രണ്ട് പാലങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പാതയുടെ ഇരുവശങ്ങളിലും ഓട നിര്‍മിച്ചിട്ടുണ്ട്. തെരുവുവിളക്കുകള്‍, ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകള്‍, സൗരോര്‍ജ വിളക്കുകള്‍, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയും ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

റോഡ് നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാതയിലേക്ക് എത്തുന്ന തിരുവമ്പാടി- മറിപ്പുഴ റോഡുമായും ചേരുന്ന ഈ പാത കക്കാടംപൊയില്‍, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന ഇരുവിഴിഞ്ഞിപ്പുഴയിലെ ഇലന്തുകടവ്, തുഷാരഗിരി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ വലിയ ഉണര്‍വ്വുണ്ടാക്കും. പൂര്‍ണമായും ജനങ്ങള്‍ സൗജന്യമായി വിട്ടു നല്‍കിയ പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്. സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സംരക്ഷണ ഭിത്തി നിര്‍മിച്ചു നല്‍കി.

155 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന റീച്ചിന്റെ നിര്‍മാണം കരാര്‍ എടുത്ത് പൂര്‍ത്തിയാക്കിയത്.

*മലയോര പാത*

ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും കടന്നുപോകുന്ന മലയോരപാത കാസര്‍കോട്ടെ നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ വ്യാപിച്ചുകിടക്കുന്നതും തന്ത്രപ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതുമായ റോഡാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായ എസ്എച്ച് 59 ആണ് മലയോരപാതയായി നാമകരണം ചെയ്തത്.

സര്‍ക്കാര്‍ അംഗീകരിച്ച അലൈന്‍മെന്റ് പ്രകാരം ഇതിന്റെ ആകെ നീളം 1,166.27 കിലോമീറ്ററാണ്. 54 റീച്ചുകളിലായി നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കിഫ്ബിയാണ് ധനസഹായം നല്‍കുന്നത്. 793.68 കിലോമീറ്റര്‍ റോഡിന് 3593 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നല്‍കിയിരിക്കുന്നത്. 506.73 കിലോമീറ്റര്‍ സാങ്കേതികാനുമതി നല്‍കി, ടെന്‍ഡര്‍ ചെയ്യുകയും അതില്‍ 481.13 കിലോമീറ്റര്‍ പ്രവൃത്തി കരാറില്‍ ഏര്‍പ്പെട്ട് ആരംഭിക്കുകയും ചെയ്തു. 166.08 കി. മി. റോഡിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായി. 1288 കോടി രൂപ ഇതുവരെ മലയോര പാതയുടെ പ്രവൃത്തികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ഏകദേശം 250 കിലോമീറ്റര്‍ മലയോര ഹൈവേയുടെ നിര്‍മാണം 2025 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

12 മീറ്റര്‍ വീതിയില്‍ രണ്ടുവരിയായി പൂര്‍ണമായും ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന മലയോര പാതയില്‍ മെച്ചപ്പെട്ട റോഡ് പ്രതലവും മാര്‍ക്കിംഗുകളും അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഫുള്‍ ഡെപ്ത് റെക്ലമേഷന്‍ (എഫ്ഡിആര്‍) ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ മലയോര പാതയുടെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top