Section

malabari-logo-mobile

ഏക സിവില്‍ കോഡിനെതിരായ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

HIGHLIGHTS : Chief Minister Pinarayi Vijayan introduced a resolution against the Single Civil Code in the Assembly

ഏക സിവില്‍ കോഡിനെതിരെയുള്ള പ്രമേയം പാസാക്കി കേരള നിയമസഭ. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ഏക സിവിൽ കോഡിനെതിരായ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം

sameeksha-malabarinews

ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ പറയുന്ന ഏകീകൃത സിവില്‍ കോഡു വേണോ വേണ്ടയോ എന്നതേയല്ല ഇപ്പോള്‍ സംഘപരിവാര്‍ ഇതു ചര്‍ച്ചയാക്കുന്നതിനു പിന്നിലെ അജണ്ട.

ഭരണഘടനയില്‍ പറയുന്ന പൊതു സിവില്‍ നിയമമല്ല, സംഘപരിവാറിന്റെ മനസ്സിലുള്ള പൊതു സിവില്‍ നിയമം. അതു മനുസ്മൃതി പ്രകാരമുള്ള ഒരു നിയമമാണ്. അതാകട്ടെ, സംഘപരിവാര്‍ പണ്ടേതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ഭരണഘടനാ ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തില്‍ത്തന്നെ ഇന്നത്തെ സംഘപരിവാറിന്റെ പൂര്‍വരാഷ്ട്രീയ രൂപം അതിന്റെ പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഭരണഘടന രൂപപ്പെടുത്താന്‍ മാതൃക തേടി വിദേശ രാഷ്ട്രങ്ങളിലേക്കൊന്നും പോകേണ്ടതില്ല; നമ്മുടെ സ്വന്തം ബ്ലൂ പ്രിന്റ് ഇക്കാര്യത്തില്‍ നമ്മുടെ മുമ്പിലുണ്ട്, അതു മനുസ്മൃതിയാണ്. ഇതായിരുന്നു അതിന്റെ ഉള്ളടക്കം. പിന്നീട് 1950 ഓടെ ഭരണഘടന രൂപപ്പെട്ടപ്പോഴോ? ആ ഭരണഘടനയെ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നു പറയാനും അവര്‍ക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

ഭരണഘടനയെ അക്ഷരത്തിലും അര്‍ത്ഥത്തിലും തള്ളിപ്പറയുന്നവര്‍ ഭരണഘടനയിലെ ഏതോ ഒരു കാര്യം നടപ്പാക്കാനിറങ്ങിയിരിക്കുകയാണ് എന്ന തെറ്റിദ്ധാരണയൊന്നും ആര്‍ക്കും വേണ്ട. അവര്‍ക്കു ഭരണഘടന മനുസ്മൃതിയാണ്. അതിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യന്‍ സാമൂഹ്യഘടനയെ പുനഃക്രമീകരിക്കുകയാണ് അവര്‍ക്കു വേണ്ടത്.

സംഘപരിവാര്‍ ഈ ഭരണഘടനയെത്തന്നെ അംഗീകരിക്കുന്നില്ല. പിന്നയല്ലേ, അതിലെ നിര്‍ദ്ദേശക തത്വങ്ങളും സിവില്‍ കോഡും. സംഘപരിവാര്‍ എപ്പോഴും നടത്തുന്നതു ഭരണഘടനയ്‌ക്കെതിരായ നീക്കമാണ്. അവരുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളുടെ, കടന്നാക്രമണങ്ങളുടെ പട്ടികയിലെ ഒന്നു മാത്രമാണിത്. അതല്ലാതെ, ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം നടപ്പിലാക്കിയെടുക്കാനോ, ഭരണഘടനയെ ശക്തിപ്പെടുത്താനോ ഒന്നും ഉള്ളതല്ല. ശരിയത്തോ, മുസ്ലീം വ്യക്തിനിയമമോ, ഭരണഘടനയോ ഒന്നുമല്ല, ഇവരുടെ ചര്‍ച്ചയുടെ ഫോക്കസ്. ഒരു ഹിന്ദുവര്‍ഗ്ഗീയ ചാതുര്‍വര്‍ണ്യ നിയമത്തില്‍ എല്ലാ ഇതര മതക്കാരെയും ഞെരിച്ചമര്‍ത്തുക എന്നതാണ്.

2025 ല്‍ ആര്‍ എസ് എസ് ശതാബ്ദിയാണ്. അപ്പോഴേക്കു ചെയ്തു തീര്‍ക്കേണ്ട മൂന്നു കാര്യങ്ങള്‍ ഇവര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകങ്ങളെയാകെ തകര്‍ക്കുക എന്നതാണത്. ആ മതനിരപേക്ഷ പ്രതീകങ്ങളിലൊന്നായിരുന്നു ബാബറിമസ്ജിദ്. അതു തകര്‍ത്തു. മറ്റൊന്നാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാശ്മീര്‍ വിഭജനാനന്തരവും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നത്. ആ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലായിരുന്നു രണ്ടാമത്തേത്. അതു ചെയ്ത് കാശ്മീരിനെ ഖണ്ഡങ്ങളാക്കി.

മൂന്നാമത്തേതാണ് ഭരണഘടനയെ മനുസ്മൃതി കൊണ്ടു പകരംവയ്ക്കുക എന്നത്. ആ നിലയ്ക്ക് ഭരണഘടനയ്‌ക്കെതിരായ ഒരു കടന്നാക്രമണം എന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള വ്യഗ്രതയിലാണ് അവരിപ്പോള്‍.

ഇവിടെയുണ്ടായിരുന്നതും ലോകത്തിന്റെ പല പ്രദേശങ്ങളില്‍ നിന്ന് പല ഘട്ടങ്ങളിലായി ഇവിടെ വന്നുചേര്‍ന്നതുമായ വിവിധ സംസ്‌കാരങ്ങള്‍ അടങ്ങിയതാണ് ഇന്നത്തെ ഇന്ത്യന്‍ സമൂഹം. ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് നാനാത്വത്തില്‍ ഏകത്വം എന്ന ചിന്ത രൂപപ്പെട്ടു വന്നത്. ഉള്‍ച്ചേര്‍ക്കലില്‍ അടിസ്ഥാനപ്പെട്ട ആ കാഴ്ചപ്പാടാണ് ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത. ആ കാഴ്ചപ്പാടിനെ ദൃഢപ്പെടുത്തുന്ന വിധത്തിലാണ് ഇന്ത്യന്‍ ഭരണഘടനയില്‍ വിവിധ ഭാഷകളെയും, സംസ്‌കാരങ്ങളെയും, ജനവിഭാഗങ്ങളെയും ഒക്കെ ഉള്‍ക്കൊള്ളുന്നതും അവയ്ക്ക് പ്രത്യേക പരിഗണനയോ സംരക്ഷണമോ വേണമെങ്കില്‍ അത് ഉറപ്പുവരുത്തുന്നതുമായ സമീപനം കൈക്കൊണ്ടത്.

അത്തരമൊരു പൊതുവായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം ഭാഗത്തില്‍ ചില പ്രത്യേക വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അവയില്‍ പ്രധാനപ്പെട്ടവയാണ് 370-ാം വകുപ്പും 371-ാം വകുപ്പും 371 എ മുതല്‍ ഐ വരെയുള്ള വകുപ്പുകളും. അവയില്‍ ജമ്മു കശ്മീരിനു ബാധകമായിരുന്ന 370-ാം വകുപ്പിനെ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നടപടി നമ്മുടെ എല്ലാം ഓര്‍മ്മയിലുണ്ട്. ഇപ്പോള്‍ ഏക സിവില്‍ കോഡിനായി വാദിക്കുന്നവര്‍ തന്നെയാണ് 370-ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ ന്യായീകരിക്കാനായി മുന്നില്‍ നിന്നത്. ഇന്ത്യയുടെ ഏകീകരണത്തിന് ഉപകരിക്കും എന്നു പറഞ്ഞ് അതിനെ സ്വാഗതം ചെയ്ത സംഘപരിവാര്‍ ഇതര രാഷ്ട്രീയ ശക്തികള്‍ക്കു പോലും, തങ്ങളുടെ സംസ്ഥാനങ്ങളില്‍ സമാനമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയതോടെ അതിന്റെ ആപത്ത് മനസ്സിലായി.

ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം ആദിവാസി ജനവിഭാഗങ്ങള്‍ക്കായി ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലുകള്‍ രൂപീകൃതമായിട്ടുണ്ട്. ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ 4 സംസ്ഥാനങ്ങളിലായി 10 ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഏക സിവില്‍ കോഡ് വേണം എന്നു പറയുന്നവര്‍ ഭരണഘടനാപരമായ ഈ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലുകള്‍ വേണ്ട എന്നു പറയുമോ?

അത് യാഥാര്‍ത്ഥ്യമായാല്‍ ആദിവാസികളുടെ ഭൂമിയും അതിലെ വിഭവങ്ങളും വേണം, എന്നാല്‍ അവരുടെ ജീവിതരീതികളും ഭക്ഷണക്രമവും അംഗീകരിക്കാനാവില്ല എന്ന പിന്തിരിപ്പന്‍ കാഴ്ചപ്പാട് മാറുമോ? അതോടെ ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കക്കാര്‍ക്കും എല്ലാം ആരാധനാലയങ്ങളില്‍ കയറാനും പ്രാര്‍ത്ഥനകള്‍ നടത്താനും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം കൊടുക്കാനുമൊക്കെ കഴിയുമോ?

ഏക സിവില്‍ കോഡ് യാഥാര്‍ത്ഥ്യമായാല്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്ള ആദിവാസികളുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും പ്രാതിനിധ്യക്കുറവ് പരിഹരിക്കപ്പെടുമോ? അതോടെ തൊഴിലിന്റെയും വസ്ത്രത്തിന്റെയും ജീവിത പങ്കാളിയുടെയും ഒക്കെ പേരില്‍ ദളിതര്‍ ആക്രമിക്കപ്പെടാതിരിക്കുമോ? അതോടെ ഖാപ് പഞ്ചായത്തുകളെ ഇല്ലാതാക്കുമോ? അതോടെ പിന്തുടര്‍ച്ച, രക്ഷാകര്‍ത്തൃത്വം, ദത്തെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം ഇല്ലാതാകുമോ?

സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച തുല്യ അവസര കമ്മീഷന്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. സംവരണം ഉള്‍പ്പെടെയുള്ള രംഗനാഥ് മിശ്ര കമ്മീഷന്റെ ശിപാര്‍ശകള്‍ ഇനിയും നടപ്പാക്കിയിട്ടില്ല. ഇതൊക്കെ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ഇടയില്‍ തുല്യത ഉറപ്പുവരുത്താന്‍ ഉപകരിക്കുന്ന നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും ആയിരുന്നു.

എന്നാല്‍ അവയിലേക്കൊന്നും കടക്കാതെ നേരെ ഏകീകരണം എന്ന മുദ്രാവാക്യവുമായി ഇറങ്ങിയിരിക്കുകയാണ്. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കണം എന്നു പറയുന്നവര്‍ തന്നെയാണ് മുസ്ലീം സമുദായത്തിലെ വിവാഹമോചനത്തെ മാത്രം ക്രിമിനല്‍ കുറ്റമാക്കി മാറ്റിയത് എന്ന് നാം ഓര്‍ക്കണം. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ ബാധകമാകണം എന്നു പറയുന്ന ഇതേ ആളുകള്‍ തന്നെയാണ് എല്ലാവര്‍ക്കും ഒരേ പോലെ പൗരത്വം കൊടുക്കാന്‍ കഴിയില്ല എന്നു പറയുന്നത്.

നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ ബാധകമാക്കുന്നതോടെ ഗുജറാത്തിലും മുസ്സഫര്‍നഗറിലും നടന്നത് ഇനിയൊരിക്കലും നടക്കാതിരിക്കുമോ? അതോടെ കണ്ഡമാലും മണിപ്പൂരും ആവര്‍ത്തിക്കാതിരിക്കുമോ? ഇന്ത്യന്‍ സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാതലായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനോ അവ പരിഹരിക്കുന്നതിനോ വേണ്ട ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളുന്നില്ല. എന്നാല്‍ അതേസമയം, ഏക സിവില്‍ കോഡ് എന്നു പറഞ്ഞുകൊണ്ട് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് സംഘപരിവാറും അവരുടെ ആജ്ഞാനുവര്‍ത്തികളായി അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും ഇപ്പോള്‍ ശ്രമിക്കുന്നത്.

രാജ്യത്ത് പൊതു തെരഞ്ഞെടുപ്പുകള്‍ ആസന്നമാകുന്ന ഘട്ടങ്ങളില്‍ എല്ലാം ജനങ്ങളെ ബാധിക്കുന്ന യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങളാണ് നടത്തപ്പെടുന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബി ജെ പി അഴിമതിയെക്കുറിച്ച്, കള്ളപ്പണത്തെക്കുറിച്ച്, വിലക്കയറ്റത്തെക്കുറിച്ച്, സ്ത്രീ സുരക്ഷയെക്കുറിച്ച്, അങ്ങനെ പലതിനെയും കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഇതൊക്കെ പരിഹരിക്കാന്‍ എന്തു ചെയ്തു എന്നു പറയാന്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരിക്കല്‍ പോലും ബി ജെ പി മുതിര്‍ന്നില്ല. അന്നവര്‍ തീവ്രവാദത്തെക്കുറിച്ചും ദേശസുരക്ഷയെക്കുറിച്ചും ഒക്കെ പറഞ്ഞു.

ഇനി 2024 ല്‍ അവര്‍ അതിനെക്കുറിച്ച് മിണ്ടില്ല എന്നു നമുക്കെല്ലാം അറിയാം. കാരണം, ഭീകരാക്രമണങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നു. ഇന്ത്യന്‍ സൈനികര്‍ ഇപ്പോഴും കൊല്ലപ്പെടുന്നു. പുല്‍വാമയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിനെക്കുറിച്ച് പല ആക്ഷേപങ്ങളും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെയൊക്കെ അതിജീവിക്കാനുള്ള അവരുടെ അടുത്ത പരിപാടിയാണ് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന ചര്‍ച്ചകള്‍ എന്നത് നാം മനസ്സിലാക്കണം.

ജനങ്ങളുടെ യഥാര്‍ത്ഥ ജീവല്‍പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ നിന്ന് ഒഴിവാക്കിവിടാനുള്ള തന്ത്രമാണിത്. ബി ജെ പിയും അവരുടെ സര്‍ക്കാരുകളും ഒരിക്കലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചോ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനെക്കുറിച്ചോ ദളിത് ജനവിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചോ ഒന്നും പറയില്ല. രാജ്യം നേരിടുന്ന അത്തരം നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റിക്കാനുള്ള ഉപായം കൂടിയാണ് അവര്‍ക്കു കോമണ്‍ സിവില്‍ കോഡ്.

നിരവധി മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. അവയെയൊക്കെ ഉള്‍ക്കൊള്ളാനാണ് ഫെഡറല്‍ ഘടനയുള്ള മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നമ്മുടെ ഭരണഘടനയില്‍ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നത്. ആ മൂല്യങ്ങളില്‍ ഏതിനെതിരെ നീങ്ങിയാലും അത് ഭരണഘടനയ്ക്കെതിരായ നീക്കമാണ്. സംഘപരിവാറാകട്ടെ അവയില്‍ എല്ലാത്തിനും എതിരായ നീക്കങ്ങളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ അത്തരം എല്ലാ നീക്കങ്ങള്‍ക്കും എതിരെ തികഞ്ഞ ജാഗ്രതയോടെയുള്ള പ്രതിരോധമാണ് ഈ ഘട്ടത്തില്‍ ആവശ്യമായിട്ടുള്ളത്.

കേരളമാകെ അത്തരത്തിലുള്ള ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്നതിന്റെ തെളിവായി കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം അംഗീകരിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇന്ത്യയിലാകെയുള്ള ജനാധിപത്യ മതനിരപേക്ഷവാദികള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!