Section

malabari-logo-mobile

പുതിയകാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കൂടുതല്‍ മുന്നേറണം ; മുഖ്യമന്ത്രി

HIGHLIGHTS : Chief Minister Pinarayi Vijayan inaugurated various development projects at the Calicut University campus

തേഞ്ഞിപ്പലം:പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനായി നാം കൂടുതല്‍ മുന്നേറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കാണുന്നുണ്ട്. നാക് അംഗീകാര പരിശോധനയില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ മികച്ച നേട്ടം കൈവരിച്ചു. എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്ങിലും സര്‍വകലാശാലകള്‍ നേട്ടമുണ്ടാക്കി. മികച്ച കോളേജുകളുടെ പട്ടികയിലും കേരളത്തിലെ കോളേജുകള്‍ ഇടം നേടി. പക്ഷേ നാം ഇതുകൊണ്ട് മാത്രം തൃപ്തരല്ല. കൂടുതല്‍ മുന്നേറണം. സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കണം. എങ്കിലേ ലോകോത്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കാനാകൂ. സൃഷ്ടിക്കുന്ന അറിവുകളെ പൊതുസമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുക, കാലാനുസൃതമായി അറിവുകളെ നവീകരിക്കുക. അതിനെ സാമൂഹ്യപുരോഗതിക്ക് ഉപയോഗിക്കുന്നതിന് കഴിയുന്ന കേന്ദ്രമായി സര്‍വകലാശാലകള്‍ മാറണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പരീക്ഷാ രജിസ്ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു വരെയുള്ള എല്ലാ സേവനങ്ങളും ഡിജിറ്റലായി നല്‍കാനുള്ള സംവിധാനത്തോടു കൂടി സജ്ജമാക്കിയ ‘സീം’ കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സ്വാഗതം പറഞ്ഞു.

സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്റ് മാനേജ്മെന്റ് (സീം), മഹാത്മാ അയ്യങ്കാളി ചെയര്‍, ഡോ. അംബേദ്കര്‍ ചെയര്‍, സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും പുതിയ അക്കാഡമിക് ബില്‍ഡിംഗ്, ഗോള്‍ഡന്‍ ജൂബിലീ എക്സാമിനേഷന്‍ ബില്‍ഡിംഗ്, സിഫ് ബില്‍ഡിംഗ് എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഗോള്‍ഡന്‍ ജൂബിലി അക്കാഡമിക് ഇവാല്വേഷന്‍ ബില്‍ഡിംഗ്, മെന്‍സ് ഹോസ്റ്റല്‍ അനക്സ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ബില്‍ഡിംഗിന്റേയും സ്പോര്‍ട്സ് ഹോസ്റ്റലിന്റേയും ഉദ്ഘാടനം കായികവകുപ്പു മന്ത്രി വി. അബ്ദുറഹിമാനും നിര്‍വഹിച്ചു. സര്‍വകലാശാലാ വിഷന്‍ സ്റ്റേറ്റ്മെന്റ് പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ അവതരിപ്പിച്ചു.

എം.എല്‍.എ. പി. അബ്ദുള്‍ ഹമീദ്, പാര്‍ലമെന്റംഗം ഡോ. എം.പി. അബ്ദുസമദ് സമദാനി, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങളായി പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, എന്‍.വി. അബ്ദുറഹിമാന്‍, ഡോ. എം. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ എ.കെ. രമേഷ് ബാബു, അഡ്വ. ടോം കെ. തോമസ്, ഡോ. ജി. റിജുലാല്‍, ഡോ. ഷംസാദ് ഹുസൈന്‍, യൂജിന്‍ മൊറേലി, ഡോ. കെ.പി. വിനോദ് കുമാര്‍, കെ.കെ. ബാലകൃഷ്ണന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, മുന്‍ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, മുന്‍ രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!