Section

malabari-logo-mobile

ശിക്ഷാകാലയളവ് തിരുത്തല്‍ പ്രക്രിയക്കുള്ളതാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍; തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷന്‍ ഹോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Chief Minister Pinarayi Vijayan inaugurated the Thavanur Central Prison and Correction Home

തടവില്‍ കഴിയുന്നവരെ സ്ഥിരം കുറ്റവാളികളായി നിലനിര്‍ത്തുന്നതിന് പകരം ശിക്ഷാകാലയളവ് തിരുത്തല്‍ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷന്‍ ഹോം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് പൊതുസമൂഹത്തില്‍ മാന്യമായ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം. മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി പരമ്പരാഗത തൊഴില്‍ മേഖലയിലെന്ന പോലെ ആധുനിക സാങ്കേതിക മേഖലകളിലും തൊഴില്‍ പരിശീലനം തടവുകാര്‍ക്ക് നല്‍കും. മനുഷ്യത്വപരമായ സമീപനം ജയിലുകളില്‍ ഉറപ്പാക്കണമെന്നും തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ഉടന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ജയില്‍ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ജയില്‍ സൂപ്രണ്ട് കെ.വി ബൈജു, നോഡല്‍ ഓഫീസര്‍ ഇ.കൃഷ്ണദാസ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. പരിപാടിയില്‍ കെ.ടി.ജലീല്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

പരിഷ്‌കൃത സമൂഹത്തിനനുസരിച്ച് ജയില്‍ അന്തരീക്ഷം മെച്ചപ്പെടേണ്ടതുണ്ടെന്നും ജയിലുകള്‍ വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങളാകരുതെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.

sameeksha-malabarinews

അന്തേവാസികളുടെ ശാരീരികവും മാനസികവുമായ തിരുത്തല്‍ പ്രക്രിയകള്‍ക്ക് ഉതകുന്ന രീതിയില്‍ ജയില്‍ അന്തരീക്ഷം മാറണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജയില്‍ വകുപ്പ് പുറത്തിറക്കിയ സൈകതം എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക സപ്ലിമെന്റ് മന്ത്രി പ്രകാശനം ചെയ്തു.

ഐക്യ കേരള രൂപീകരണത്തിന് ശേഷം സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145 മത് സെന്‍ട്രല്‍ ജയിലുമാണ് തവനൂര്‍ കൂരടയിലേത്. മൂന്ന് നിലകളിലായി 706 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്. 35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പരിപാടിയില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പി നസീറ, ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ ഇടശ്ശേരി, തവനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എം. അക്ബര്‍, അഡിഷണല്‍ ചീഫ് സെക്രെട്ടറി ടി.കെ ജോസ്, മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജയില്‍ ഡി.ജി.പി സുദേഷ് കുമാര്‍.
ജയില്‍ ഡി ഐ ജി എം.കെ വിനോദ് കുമാര്‍, മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്,ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ. നൗഷാദലി, ഉത്തര മേഖല ഡി ഐ ജി സാം തങ്കയ്യന്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.എസ് ധനലക്ഷ്മി തുടങ്ങി വിവിധ ജനപ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!