ഫറോക്ക് താലൂക്ക് ആശുപത്രി പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്:കേരളം രാജ്യത്തിന് മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി പ്രധാന മേഖലകളിലെല്ലാം കേരളം രാജ്യത്ത് ഒന്നാമതാണ്. ഈ സ്ഥിതി തുടരാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഫറോക്ക് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയില്‍ മാത്രം കിഫ്ബി വഴി 10,000 കോടി രൂപ ചെലവഴിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇതിന്റെ ഒരു ചെറിയ ഭാഗം – 23.5 കോടി ചെലവഴിച്ചാണ് താലൂക്ക് ആശുപത്രി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ആശുപത്രിയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസന നയത്തിന്റെ ഭാഗമാണ് കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍. വികസനത്തിന്റെ സ്വാദ് എല്ലാ ജനവിഭാഗങ്ങള്‍ക്കും രുചിക്കാനാകണം എന്നതാണ് സര്‍ക്കാര്‍ നയം. സര്‍വതല സ്പര്‍ശിയായ വികസനത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. ഇതിന്റെ ഫലമായി പ്രധാന മേഖലകളിലെല്ലാം കേരളം രാജ്യത്തിന്റെ നെറുകയിലാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ വിവിധ സൂചികകളിലും മികച്ച സ്ഥാനത്താണ് സംസ്ഥാനം ഇന്ന്. സംസ്ഥാനത്തെ 226 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ എന്‍ക്യുഎഎസ് അംഗീകാരം നേടാനായതുള്‍പ്പെടെ പല മേഖലയിലും സംസ്ഥാനം ഒന്നാമതാണ്. ഇത് തുടരാനും കൂടുതല്‍ ഉയരത്തിലേക്ക് സഞ്ചരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകം പകച്ചുനിന്ന പല പകര്‍ച്ചവ്യാധി ഘട്ടങ്ങളിലും കേരളത്തിന് പതറാതെ പിടിച്ചു നില്‍ക്കാനായി. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ കാര്യത്തിലും കാര്യമായ ജാഗ്രതയോടെ നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയും ഇന്നുമായി സംസ്ഥാനത്തെ എല്ലാ കിണറുകളും ക്ലോറിനേറ്റ് ചെയ്യുകയാണ്. വീട്ടിലെ കിണറുകളും വാട്ടര്‍ ടാങ്കുകളുള്‍പ്പെടെ എല്ലാ ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുന്നതില്‍ എല്ലാവരും മുന്‍കൈയ്യെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

രാജ്യത്ത് സൗജന്യചികിത്സയ്ക്ക് ഏറ്റവുമധികം പണംചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ ആര്‍ദ്രം പദ്ധതി വഴി സ്ഥാപിക്കുകയാണ്. 97 ആശുപത്രികളില്‍ യാഥാര്‍ത്ഥ്യമാക്കി. സംസ്ഥാനത്തെ 28 ആശുപത്രികളില്‍ കീമോ അടക്കം നല്‍കിക്കൊണ്ട് ക്യാന്‍സര്‍ ചികിത്സ വിജയകരമായി നല്‍കിവരുന്നു. 40-45 ലക്ഷം രൂപ ആവശ്യമായി വരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ ആശുപത്രികളില്‍ 2024 മുതല്‍ സൗജന്യമായ ചെയ്തു നല്‍കാനായത് ഒട്ടേറെ പേര്‍ക്ക് ആശ്വാസരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രി ഉള്‍പ്പെടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് പേരാമ്പ്ര, ബാലുശ്ശേരി, കുറ്റ്യാടി, വടകര ആശുപത്രികളെല്ലാം അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രി കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയം മാറ്റിവെക്കല്‍ ശാസ്ത്രക്രിയകള്‍ നടന്നു വരുന്നു. ഇടുക്കിയിലൊഴികെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ കാത് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2024 ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് 28 വരെ ജനകീയ ക്യാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിന്‍ വഴി 15 ലക്ഷം സ്ത്രീകളാണ് ക്യാന്‍സര്‍ പരിശോധന നടത്തിയത്. സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ ചൊവ്വാഴ്ചയും വെല്‍നസ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവന്‍ എം പി, രാമനാട്ടുകര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വി എം പുഷ്പ, ഫറോക്ക് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ സി അബ്ദുള്‍ റസാക്ക്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷൈലജ ടീച്ചര്‍, ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം കിഴക്കേകണ്ടിയില്‍, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, കോഴിക്കോട് കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍, ടൗണ്‍ പ്ലാനിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, ഫറോക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ലാലു ജോണ്‍, വാപ്‌കോസ് പ്രൊജക്റ്റ് ഡയറക്റ്റര്‍ കെ പി എസ് ത്യാഗി, ബേപ്പൂര്‍ മുന്‍ എംഎല്‍എ വി കെ സി മമ്മത് കോയ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു..

Share news
error: Content is protected !!
Scroll to Top