കോഴിയുടെ വില മൂന്ന് മാസത്തിനിടെ കുറഞ്ഞത് 80 രൂപ; ആശങ്കയിലായി കര്‍ഷകര്‍

തിരുവനന്തപുരം: ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞതോടെ ആശങ്കയിലായി കോഴിക്കര്‍ഷകര്‍. മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 180 രൂപവരെയുണ്ടായിരുന്ന കോഴി വില ഞായറാഴ്ച 99 രൂപയായി. 95 രൂപയായിരുന്നു ശനിയാഴ്ചത്തെ വില.

70 രൂപയിലേറെ വളര്‍ത്തുചെലവുള്ള കോഴിയെ ചെറുകിട കര്‍ഷകരില്‍ നിന്ന് 50 മുതല്‍ 60 രൂപ വരെ വിലയിട്ടാണ് ഇടനിലക്കാര്‍ വാങ്ങുന്നത്. ഇതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. ആവശ്യത്തേക്കാളധികം ഉല്‍പ്പാദനമുണ്ടായാലും വില കുത്തനെ കുറയും.

ദക്ഷിണേന്ത്യയിലെ ഫാം ഉടമകളും വില്പനക്കാരും ഉള്‍പ്പെടുന്ന ബ്രോയ്ലര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കോഴി വില നിശ്ചയിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ കോഴിവില കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

കോഴിയിറച്ചിയുടെ വില നിയന്ത്രിക്കുന്നതിനും ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ‘കേരള ചിക്കന്‍’ വിപണി പിടിച്ച് മുന്നേറുന്നു. 395 ബ്രോയ്‌ലര്‍ ഫാമുകളും, 131 ഔട്ട്-ലെറ്റുകളുമായി ജനപ്രിയമാണ് ‘കേരള ചിക്കന്‍’. 281 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് ഇതുവരെ നേടിയത്.

സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ കുടുംബശ്രീവഴി തുടങ്ങിയ ‘കേരള ചിക്കന്‍’ 2019ലാണ് ഔട്ട്ലെറ്റുകള്‍ തുടങ്ങിയത്. കുടുംബശ്രീ അംഗങ്ങളായ 500 സ്ത്രീകള്‍ക്കാണ് കേരള ചിക്കന്‍ ജീവിതോപാധിയാകുന്നത്. ഒരു ദിവസം പ്രായമായ 1000 മുതല്‍ 5000വരെ കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നല്‍കി, വളര്‍ച്ചയെത്തുമ്പോള്‍ നിശ്ചിത തുകനല്‍കി തിരികെയെടുക്കുന്നതാണ് പദ്ധതി. തീറ്റ, മരുന്ന് തുടങ്ങിയവ സൗജന്യമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top