പരപ്പനങ്ങാടിക്കാര്‍ നിജിഷക്ക് തുണയായി; ചികിത്സാസഹായവുമായി ‘എന്റെ പരപ്പനങ്ങാടി’ വാട്ട്‌സ്ആപ് കൂട്ടായ്മ

കഴിഞ്ഞ ഒക്ടോബര്‍ മാസം അവസാനത്തില്‍ പരപ്പനങ്ങാടിയിലെ നൃത്ത അധ്യാപിക നിജിഷയെ കുറിച്ച് മലബാറിന്യൂസ് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയായിട്ടും കടുത്തവേദനയുമായി രോഗം പിന്തുടരുന്ന നിജിഷക്ക് തുടര്‍ ചികിത്സക്ക് പണം കണ്ടത്താനാകാതെ വിഷമിക്കുന്ന സാഹചര്യത്തെ കുറിച്ചായിരുന്നു ആ വാര്‍ത്ത. പൗരബോധമുള്ള നമ്മുടെ സമൂഹം അവരെ സഹായിക്കണമെന്ന ഞങ്ങളുടെ ആവശ്യം, പൂര്‍ണ്ണമനസ്സോടെയാണ് സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായി പരപ്പനങ്ങാടിയിലെ സോഷ്യല്‍മീഡിയ രംഗത്തെ സജീവ കൂട്ടായ്മയായ ‘എന്റെ പരപ്പനങ്ങാടി’ നിജിഷക്ക് ചികത്സാ സഹായമായി മൂന്നുലക്ഷത്തി അറുപതിനായിരം രൂപ കൈമാറി. നിജിഷയുടെ വീട്ടില്‍ വെച്ച് എന്റെ പരപ്പനങ്ങാടി കൂട്ടായ്മയുടെ പ്രതിനിധി പി.കെ അബ്ദുല്‍ മുനീര്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ നൗഫല്‍ ഇല്യന്‍, ഹനീഫ കൊടപ്പാളി, അഷറഫ് ഷിഫ എന്നിവരുടെ സാനിദ്ധ്യത്തില്‍ തുക കൈമാറി. ഈ അവസരത്തില്‍ കൂട്ടായ്മ അംഗങ്ങളായ റസാഖ്, സ്റ്റാര്‍ മുനീര്‍, നൗഷാദ്, നസറു, ഹംസ,പി.ഒ അന്‍വര്‍,ഹംസു,ഷാഹുല്‍,റഫീഖ് സൂപ്പര്‍, മലബാറിന്യൂസ് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഈ വാര്‍ത്ത കണ്ട് ചില വ്യക്തികളും കൂട്ടായ്മകളും നിജിഷക്ക് സാഹയവുമായി രംഗത്തെത്തിയിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് രൂപീകൃതമായ എന്റെ പരപ്പനങ്ങാടി എന്ന കൂട്ടായ്മ പരപ്പനങ്ങാടിയിലെ സമൂഹ്യ, കാരുണ്യ പ്രവര്‍ത്തനമേഖലകളില്‍ സജീവ സാനിധ്യമാണ്. ജാതി മത, രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത് ഐക്യബോധത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ഈ കൂട്ടായ്മയ്മയുടെ കരുത്ത് പ്രവാസികളായ പരപ്പനങ്ങാടിക്കാര്‍ക്കൂടിയാണ്. നേരത്തെയും ഈ കൂട്ടായ്മ നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കലഹങ്ങള്‍ക്കപ്പുറം പരപ്പനങ്ങാടിക്കാരുടെ സ്‌നേഹത്തിന്റെയും നന്‍മയുടെയും സാഹോദര്യത്തിന്റെയും പ്രകാശം തെളിയിച്ച് മുന്നോട്ടുനടക്കുയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൂട്ടായ്മ പ്രവര്‍ത്തകര്‍ പറയുന്നു. നിജിഷ എന്ന കലാകാരിക്കും അവളുടെ രണ്ട് മക്കള്‍ക്കും ജീവിതത്തില്‍ മുന്നോട്ട് നടക്കാന്‍ ഒരുമിച്ച് നില്‍ക്കേണ്ടത് നമ്മളടങ്ങുന്ന പൊതുസമൂഹത്തിന്റെ കടമയാണെന്ന് ഇവര്‍ കരുതുന്നു.

സംഘബോധത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ഇത്തരം കൂട്ടായ്മകള്‍ തന്നെയാകട്ടെ നാളേക്കായുള്ള നമ്മളുടെ കരുതല്‍.

കൈത്താങ്ങാകണം ഈ കലാകാരിക്ക്

 

Share news
error: Content is protected !!
Scroll to Top