കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആയുര്‍വേദ കോഴ്‌സ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാനം ചെയ്തു

എടപ്പാള്‍: ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയുടെ ഭാഗമായി തവനൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന ആയുര്‍വേദ സ്പാ തെറാപ്പി കോഴ്‌സിന്റെ ഉദ്ഘാടനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ നിര്‍വഹിച്ചു. കുടുംബശ്രീ മുഖേന ജന്‍ ശിക്ഷ സന്‍സ്ഥാനാണ് കാവില്‍പ്പടി ആയുര്‍ഗ്രീന്‍ ആശുപത്രി കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. 32 കുട്ടികള്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്.

കഠിന പ്രയത്‌നത്തിലൂടെ കൈവരിക്കുന്ന മികവാണ് ഓരോ വിദ്യാര്‍ഥികളുടേയും ഭാവി ശോഭനമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജോലി എന്തായാലും അതില്‍ നൈപുണ്യം കൈവരിച്ചാല്‍ മികച്ച നിലയില്‍ എത്താനാകും. ഇ ബിരുദം നേടിയാല്‍ മാത്രമേ മികച്ച ജോലി നേടാനാകൂ എന്ന കാലം കഴിഞ്ഞെന്ന്് അദ്ദേഹം പറഞ്ഞു.

ജന്‍ ശിക്ഷ സന്‍സ്ഥാന്‍ അധ്യക്ഷന്‍ പി വി അബ്ദുല്‍ വഹാബ് എം പി മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പും, ടാബ് ലെറ്റും അദ്ദേഹം ചടങ്ങില്‍ വിതരണം ചെയ്തു. മൂന്നു മാസം നീളുന്ന കോഴ്‌സാണ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്കെല്ലാവര്‍ക്കും ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

എടപ്പാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി അധ്യക്ഷത വഹിച്ചു. ആയുര്‍ ഗ്രീന്‍ ഹോസ്പിറ്റലാണ് കോഴ്‌സ് നടത്തുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആയുര്‍ഗ്രീന്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സിദ്ദിഖ്, എം ഡി ഡോ കെ എന്‍ സക്കറിയ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹേമലത, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതി കേരള സി ഇ ഒ ഡോ. സി എസ് പ്രവീണ്‍, ജന്‍ ശിക്ഷ സന്‍സ്ഥാന്‍ മലപ്പുറം യൂണിറ്റി ഡയറക്ടര്‍ വി ഉമ്മര്‍കോയ എന്നിവര്‍ സംസാരിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top