കോഴിക്കോട്: ജാതി എന്നത് അഭിമാനിക്കേണ്ട കാര്യമല്ല എന്ന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ മനോജ് മിത്ത. മുൻ കാല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന തീവ്രമായ ജാതിവ്യവസ്ഥകൾക്ക് സാക്ഷിയായ ഒരു സ്ഥലം എന്നതിനാൽ കോഴിക്കോട് വച്ച് നടക്കുന്ന ഏഴാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ തന്റെ
‘കാസ്റ് പ്രൈഡ് : ബാറ്റൽസ് ഫോർ ഇക്വാലിറ്റി ഇൻ ഹിന്ദു ഇന്ത്യ’എന്ന പുസ്‌തകത്തെ കുറിച്ച് സംസാരിക്കാൻ കഴിയുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു.
ഇത്തരത്തിലുള്ള ഒരു പുസ്തകം എഴുതാൻ പ്രചോദനമായതെന്താണ് എന്ന സ്മിത പ്രകാശിന്റെ ചോദ്യത്തിന്,താൻ വളരെ അപ്രതീക്ഷിതമായാണ് ഇത്തരത്തിൽ പുസ്തകം എഴുതാൻ ഇടയായതെന്നും,ദളിത് സമൂഹം അഭിമുഖീകരിക്കുന്ന കൂട്ട അക്രമണത്തെ കുറിച്ച് എഴുതാനായിരുന്നു വിചാരിച്ചിരുന്നത് എന്നും,എന്നാൽ ഇന്ന് സമൂഹത്തിൽ നടക്കുന്ന ജാതിയെ സംബന്ധിച്ച നിയമവാഴ്ചയെക്കുറിച്ചുള്ള
ഘടനാപരമായ പക്ഷപാതത്തിന്റെ ഉറവിടത്തെ കുറിച്ചും,
യാഥാർത്ഥ്യവും അംഗീകാരവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുമുള്ള അന്വേഷണത്തിൽ നിലവിലുള്ള സാഹിത്യങ്ങളിൽ നിന്നും തനിക്ക് ഒന്നും തന്നെ ലഭിക്കാത്തതാണ് ഇത്തരമൊരു പുസ്തകം എഴുതുന്നതിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഛത്രപതി ശിവജിയുടെ ക്ഷത്രിയേതര പദവി കാരണം ജാതി വിവേചനം നേരിട്ട അനുഭവം ഉദ്ധരിച്ച്, ജാതിയും നിയമവ്യവസ്ഥയും തമ്മിലുള്ള കാര്യമായ ഇടപെടലിനെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.
ജാതി ഘടനകളുടെ ചരിത്രപരവും സമകാലികവുമായ വശങ്ങൾ ചർച്ചചെയ്തുകൊണ്ട്,അദ്ദേഹം നിരന്തരമായ അനീതിക്ക് ഊന്നൽ നൽകുകയും ജാതിബോധത്തിന്റെ എക്കാലത്തെയും സാന്നിധ്യം വ്യക്തമാക്കുന്നതിന് സമീപകാല സംഭവങ്ങൾ ചൂണ്ടികാണിക്കുകയും ചെയ്തു.
മുൻ കാലങ്ങൾക്ക് സമാനമായ വിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ, സമൂഹത്തിന്റെ വലിയൊരു ഭാഗം സാമൂഹിക ഇടപെടലുകൾക്ക് അയോഗ്യരായി കണക്കാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.നിയമപരമായ മാറ്റങ്ങളുണ്ടായിട്ടും, ജാതി വിവേചനത്തിന്റെ ശാശ്വത സ്വഭാവത്തിന് മാറ്റം സംഭവിക്കുന്നില്ല എന്നും അദ്ദേഹം അടിവരയിടുന്നു.അവസാനമായി “നിയമം മനോഭാവത്തെ മാറ്റുന്നില്ല” എന്നും മിത്ത കൂട്ടിച്ചേർത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



