നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ നടന്‍ ദിലീപിനെ വെട്ടിലാക്കി മുന്‍ ജോലിക്കാരന്‍ ദാസന്‍ മൊഴി നല്‍കി. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു എന്നാണ് ജോലിക്കാരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ കാണിച്ചു കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് ഫോണില്‍ പറയുന്നതു കേട്ടു എന്നും മൊഴിയിലുണ്ട്.
ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്തായ ഇയാള്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നു. ഈ സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നിര്‍ണായക കാര്യങ്ങള്‍ പറയുന്നത് ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ദിലീപിനെതിരെ ഗൂഢാലോചനാ കേസ് എടുത്തതും നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചതും.




