കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ കേസ്

HIGHLIGHTS : Case filed against Minister Kunwar Vijay Shah for abusive remarks against Colonel Sophia Qureshi

cite

ഭോപ്പാല്‍: ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ മധ്യപ്രദേശ് ആദിവാസി ക്ഷേമ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരം 152, 196(1)(ബി), 197(1)(സി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. കോടതിയുടെ ഉത്തരവ് പ്രകാരം മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ ഓഫീസ് എക്സിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് മാന്‍പൂര്‍ പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് കേസെടുക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രഥമദൃഷ്ട്യാ വിജയ് ഷാ നടത്തിയ പരാമര്‍ശം കുറ്റകരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രിയുടെ പരാമര്‍ശം അപകടകരമെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍.

കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് വരെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജസ്റ്റിസുമാരായ അതുല്‍ ശ്രീധര്‍, അനുരാധ ശുക്ല എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.

പ്രസംഗത്തില്‍ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്ന് മന്ത്രി വിളിച്ചിരുന്നു. ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തില്‍ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമര്‍ശം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവരുടെ സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവര്‍ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെണ്‍മക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാ’ണെന്ന് വിജയ് ഷാ പറഞ്ഞിരുന്നു.

എന്നാല്‍ പ്രസംഗം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സേന സ്വീകരിച്ച നടപടികളെ ബഹുമാനിക്കുന്നു. തന്റെ പരാമര്‍ശങ്ങളെ വളച്ചൊടിക്കുന്നവരുടെ വിവേകത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. സോഫിയ ഖുറേഷി രാജ്യത്തിന്റെ അഭിമാനമാണ്. തങ്ങള്‍ രണ്ട് സഹോദരിമാരെയും ബഹുമാനിക്കുന്നുവെന്നായിരുന്നു വിജയ് ഷായുടെ പ്രതികരണം. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും, സഹോദരിയേക്കാള്‍ കേണല്‍ ഖുറേഷിയെ താന്‍ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!