
പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മരിച്ച മൂന്നുപേരും സ്ത്രീകളാണ്. കൊല്ലം ആയൂര്‍ സ്വദേശികളായ ശകുന്തള, ഇന്ദിര, ശ്രീജ എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി. വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ഹരിപ്പാടേക്ക് പോവുകയായിരുന്നു സംഘം. കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയായിരുന്നു.
ആയൂര്‍ എകെജി മുക്ക് ഹാപ്പിവില്ലയില്‍ ശരത് (35) ആണ് വണ്ടി ഓടിച്ചിരുന്നത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവരെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു.




