Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; രാസവസ്തുക്കളുടെ ഉപയോഗത്തിന് സോഫ്‌റ്റ്വേര്‍ ഒരുക്കി സര്‍വകലാശാല

HIGHLIGHTS : Calicut University News; University prepares software for use of chemicals

രാസവസ്തുക്കളുടെ ഉപയോഗത്തിന് സോഫ്‌റ്റ്വേര്‍ ഒരുക്കി സര്‍വകലാശാല

പരീക്ഷണശാലയില്‍ ആവശ്യമായ രാസവസ്തുക്കളുടെ കൃത്യമായ ഉപയോഗത്തിനും സൂക്ഷിപ്പിനും സോഫ്‌റ്റ്വേര്‍ സംവിധാനമൊരുക്കി കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പ്. വിദ്യാര്‍ഥികളുടെ പരീക്ഷണാവശ്യങ്ങള്‍ക്കായി വാങ്ങുന്ന രാസവസ്തുക്കളുടെ ലഭ്യത, ശേഖരത്തിന്റെ അളവ്, കാലാവധി തീരുന്ന സമയം എന്നിവയെല്ലാം യഥാസമയം ചുമതലയുള്ള അധ്യാപകര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഒരോ വര്‍ഷവും നാലര ലക്ഷത്തോളം രൂപയുടെ രാസവസ്തുക്കളാണ് ലാബിലേക്ക് വാങ്ങുന്നത്. കൃത്യമായും സുരക്ഷിതമായും ഇവ ഉപയോഗിക്കാന്‍ സോഫ്‌റ്റ്വേര്‍ സഹായിക്കും. ‘കെമിക്കല്‍സ് ആന്‍ഡ് കണ്‍സ്യൂമബിള്‍സ് ഇന്‍വെന്ററി മാനേജ്‌മെന്റ് സിസ്റ്റം’ എന്നു പേരിട്ട സംവിധാനം തയ്യാറാക്കിയത് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററിലെ പ്രോഗ്രാമര്‍ പി. ജിനിലാണ്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. ഇ.എം. മനോജം, ഡോ. വൈ. ഷിബുവര്‍ധനന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഡോ. ഇ. പുഷ്പലത, ഡോ. സി.ഡി. സെബാസ്റ്റിയന്‍, ഡോ. ഇ.എം. അനീഷ്, ഡോ. ആര്‍. ബിനു, ഡോ. കെ. സിന്ധു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

sameeksha-malabarinews

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിനായി തയ്യാറാക്കിയ കെമിക്കല്‍സ് ആന്‍ഡ് കണ്‍സ്യൂമബിള്‍സ് ഇന്‍വെന്ററി മാനേജ്‌മെന്റ് സിസ്റ്റം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

ശ്രീശങ്കറിന് സര്‍വകലാശാലയുടെ അഭിനന്ദനം

ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ലോങ്ജമ്പില്‍ വെള്ളി നേടിയ കാലിക്കറ്റ് സര്‍വകലാശാലാ താരം എം. ശ്രീശങ്കറിനെ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി ആദ്യമായാണ് ഒരു പുരുഷതാരം ലോങ്ജമ്പില്‍ മെഡലണിയുന്നത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ശ്രീശങ്കര്‍. ചരിത്രനേട്ടത്തിനുടമയായ ശ്രീശങ്കറിന് സര്‍വകലാശാലയുടെ കായിക പുരസ്‌കാരദാനടച്ചടങ്ങില്‍ പ്രത്യേക സ്വീകരണം നല്‍കുന്നത് പരിഗണനയിലാണെന്ന് കായിക വിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

ബി.എഡ്. പ്രവേശനം
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 19. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 200 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ (admission.uoc.ac.in). ഫോണ്‍ 0494 2407017, 2660600.

മാര്‍ക്ക് ലിസ്റ്റ് വിതരണം

ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതി ബിരുദം പൂര്‍ത്തിയാക്കിയ അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും കോളേജുകളില്‍ നിന്നും വിതരണം ചെയ്യും.

എം.എ. എക്കണോമിക്സ് വൈവ

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 12-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ റദ്ദാക്കി

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളില്‍ മെയ് 18-ന് നടത്തിയ റിസര്‍ച്ച് മെതഡോളജി ഓഫ് സോഷ്യോളജി പേപ്പര്‍ റദ്ദാക്കി. പുനഃപരീക്ഷ ഉടന്‍ നടത്തും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 30 വരെയും 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷ 24-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 24-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. മാത്തമറ്റിക്സ് മെയ് 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമറ്റിക്സ് നവംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ഏപ്രില്‍ 2021 പരീക്ഷയുടെയും ഒന്നാം വര്‍ഷ എം.എസ് സി. മാത്തമറ്റിക്സ് മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!