കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘നാക്’ റിപ്പോര്‍ട്ട് പഠിച്ച് പദ്ധതി ആസൂത്രണം ചെയ്യാന്‍ കാലിക്കറ്റില്‍ സിന്‍ഡിക്കേറ്റ് സമിതി

‘നാക്’ റിപ്പോര്‍ട്ട് പഠിച്ച് പദ്ധതി ആസൂത്രണം ചെയ്യാന്‍
കാലിക്കറ്റില്‍ സിന്‍ഡിക്കേറ്റ് സമിതി

യു.ജി.സിയുടെ ‘നാക്’ പരിശോധനാ എക്സിറ്റ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. 3.45 പോയിന്റോടെ എ പ്ലസ് ഗ്രേഡാണ് നാക് ഗ്രേഡിങ്ങില്‍ കാലിക്കറ്റിന് ലഭിച്ചത്. ഏറ്റവും മികച്ച ഗ്രേഡായ എ ഡബിള്‍ പ്ലസ് നേടുന്നതിനായി നാക് പരിശോധക സംഘം സൂചിപ്പിച്ച ന്യൂനതകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി പഠനറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാലംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എം. മനോഹരന്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കായി ശില്പശാല നടത്തും. കൂട്ടായ പരിശ്രമത്തിലൂടെ മികച്ച പോയിന്റുമായി എ പ്ലസ് ഗ്രേഡ് നേടിയ കാലിക്കറ്റിനെ അനുമോദിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചടങ്ങ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. 18-ന് വൈകീട്ട് സര്‍വകലാശാലാ കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, മറ്റു മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍വാധ്യാപകരും വിദ്യാര്‍ഥികളും പെന്‍ഷന്‍കാരും ഉള്‍പ്പെടെ സര്‍വകലാശാലാ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും. ഗവേഷണ രംഗത്ത് സംവരണ റോസ്റ്റര്‍ നടപ്പാക്കാനും തീരുമാനമായി.

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം
പ്രൊസ്പെക്ടസ് പുറത്തിറക്കി

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-പി.ജി. കോഴ്‌സുകളുടെ പ്രോസ്പെക്ടസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. സിന്‍ഡിക്കേറ്റംഗം പ്രൊഫ. എം.എം. നാരായണന്‍ ഏറ്റുവാങ്ങി. കോഴ്സുകളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. ചടങ്ങില്‍ വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ്, ജോ. രജിസ്ട്രാര്‍ പി.പി. അജിത, സിന്‍ഡിക്കേറ്റംഗങ്ങളായ യൂജിന്‍ മൊറേലി, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, ഡോ. ജി. റിജുലാല്‍, ഡോ. ഷംസാദ് ഹുസൈന്‍, എ.കെ. രമേഷ് ബാബു, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍, കെ.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഫ്‌സലുല്‍ ഉലമ, സോഷ്യോളജി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകള്‍ക്കും അറബിക്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും ഓണ്‍ലൈനായി രജിസ്ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ 5 വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ (www.sdeuoc.ac.in) ഫോണ്‍ 0494 2407356, 2400288, 2660600.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കോഴ്സുകളുടെ പ്രൊസ്പെക്ടസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സിന്‍ഡിക്കേറ്റംഗം പ്രൊഫ. എം.എം. നാരായണന് നല്‍കി പ്രകാശനം ചെയ്യുന്നു.

കൊമേഴ്‌സ് ബി.എഡ്. അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് 13-ന് വൈകീട്ട് 4 മണിക്കു മുമ്പായി കോളേജുകളില്‍ പ്രവേശനം നേടണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.

അറബിക് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ് സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. 27 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന കോഴ്‌സിലേക്ക് 20 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 0494 2407350, 7351.

എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര റീജിണല്‍ സെന്ററില്‍ പുതുതായി അനുവദിച്ച എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 14-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സെന്ററിലേക്ക് നേരിട്ട് അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് ഇ-ഗ്രാന്റ് ആനുകൂല്യം ലഭ്യമാണ്. ഫോണ്‍ 0496 2991119, 8086954115.

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗങ്ങളിലും ജനറല്‍ വിഭാഗത്തിലുമായുള്ള ഒഴിവുകളിലേക്ക് പ്രവേശന നടപടികള്‍ 12-ന് തുടങ്ങും. പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു ക്യാപ്പ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം.  സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9745644425, 9946623509, 9744221152.

ബി.എസ് സി. ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0495 2761335, 8547210023, 9895843272, 8893280055.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ പഠനവിഭാഗത്തില്‍ പി.എച്ച്.ഡി. പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷയുടെ പകര്‍പ്പും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം 19-ന് മുമ്പായി പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 12 മുതല്‍ 18 വരെ നടക്കും. പങ്കെടുക്കേണ്ട അദ്ധ്യാപകര്‍ക്ക് ക്യാമ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എ. ഫിലോസഫി വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 14-ന് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 12 വരെ നീട്ടി. 170 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top