HIGHLIGHTS : Calicut University News; Site inspection on the university campus for an international football stadium
അന്താരാഷ്ട്ര ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനായി സര്‍വകലാശാലാ കാമ്പസില്‍ സ്ഥലപരിശോധന
ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ സ്ഥല ലഭ്യതയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതിനാണ് ശ്രമം. സിന്‍ഡിക്കേറ്റിന്റെ കായിക സ്ഥിരംസമിതി കണ്‍വീനര്‍ അഡ്വ. എം.ബി. ഫൈസല്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ടി.ജെ. മാര്‍ട്ടിന്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സർവകലാശാലാ എഞ്ചിനീയര്‍ സി.കെ. മുബാറക് തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്. കുറഞ്ഞത് 40 ഏക്കറെങ്കിലും ലഭിക്കുന്ന തരത്തില്‍ സര്‍വകലാശാലയുടെ പ്രധാന കാമ്പസിന്റെ എതിര്‍വശത്തായി ചെട്ട്യാര്‍മാട്, ചെനക്കല്‍ ഭാഗങ്ങളിലും പ്രധാന കാമ്പസില്‍ വില്ലൂന്നിയാല്‍ ഭാഗത്തും സംഘം പരിശോധന നടത്തി. ദേശീയപാതയുടെ സാമീപ്യം, വിമാനത്താവളത്തിലേക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള പാത എന്നിവയെല്ലാം കണക്കിലെടുത്ത് ചെട്ട്യാര്‍മാട്ടെ അന്താരാഷ്ട്ര വിദ്യാര്‍ഥി ഹോസ്റ്റല്‍ പരിസരത്തെ സ്ഥലത്തിനാണ് പ്രഥമ പരിഗണന. സ്റ്റേഡിയത്തിനോടനുബന്ധിച്ച് റോഡുകള്‍, പാര്‍ക്കിങ്, താമസ സൗകര്യങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയെല്ലാം ഒരുക്കേണ്ടതുണ്ട്.
ഗണിതശാസ്ത്ര വകുപ്പിൽ ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പ് ‘ഗ്ലിംസസ് ഓഫ് അനാലിസിസ് ആന്റ് ജ്യോമെട്രി’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ സെമിനാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് റിസർച്ച് ആന്റ് ട്രെയിനിങ്ങ് ഡയറക്ടർ പ്രൊഫസർ എ. പി. രാജൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപ്പുലാക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിലെ പ്രൊഫസർ ഡോ. കെ. ജയകുമാർ, മുട്ടിൽ ഡബ്ല്യൂ.എം.ഒ. ആർട്സ് ആന്റ് സയൻസ് കോളേജിലെ പ്രിൻസിപ്പൽ ഡോ. വിജി പോൾ, വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർഥികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. എം.എം.ടി.ടി.സി. ഡയറക്ടർ ഡോ. സാബു തോമസ്, പഠനവകുപ്പ് മുൻ മേധാവി ഡോ. എം. എസ്. ബാലസുബ്രമണ്യൻ, സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പ് മേധാവി ഡോ. എസ്. ഡി. കൃഷണറാണി, കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് മേധാവി ഡോ. മഞ്ജുള, പഠനവകുപ്പിലെ അധ്യാപകരായ ഡോ. പി. സിനി, ഡോ. ടി. മുബീന തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ചയാണ് സമാപനം.
സമ്മർ കോച്ചിങ് ക്യാമ്പ് 2025
കാലിക്കറ്റ് സർവകലാശാല 6 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പ് ഏപ്രിൽ ഏഴിന് തുടങ്ങും. ബാറ്റ്മിന്റൺ, ഹാൻഡ്ബാൾ, ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ / ബേസ്ബോൾ, ഖോ – ഖോ, കബഡി, ജൂഡോ, തായിക്വോണ്ടോ, ബാസ്കറ്റ്ബോൾ, റോളർ സ്‌കേറ്റിങ് തുടങ്ങിയവയുടെ കോച്ചിങ് ക്യാമ്പ് രണ്ടു ബാച്ചുകളിലായി ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. സർവകലാശാലയിലെ വിദഗ്ധ കോച്ചുമാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സർവകലാശാലാ ഇൻഡോർ / ഔട്ട്ഡോർ സ്റ്റേഡിയങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിച്ചായിരിക്കും പരിശീലനം.
ഗാന്ധി ചെയർ അവാർഡ്
കാലിക്കറ്റ് സർവകലാശാലാ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ച് 2023-ലെ ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക് സമർപ്പിക്കും. മാർച്ച് 15-ന് രാവിലെ 10.30-ന് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉപഹാരം സമർപ്പിക്കും. ചെയർ വിസിറ്റിങ് പ്രൊഫസർ ഡോ. ആർസു അധ്യക്ഷനാകും.
ആറാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ (CCSS – 2009 മുതൽ 2013 വരെ പ്രവേശനം) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 21 – ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
മൂന്നാം സെമസ്റ്റർ എം.വോക്. – അപ്ലൈഡ് ബയോടെക്‌നോളജി, മൾട്ടിമീഡിയ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് (വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ്), സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് – ( 2020 പ്രവേശനം ) നവംബർ 2023, ( 2021 പ്രവേശനം മുതൽ ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 22 – ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
ആറാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) (CBCSS) ബി.കോം., ബി.ബി.എ., ബി.എച്ച്.എ. ബി.ടി.എച്ച്.എം., (CUCBCSS) ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ – നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CUCBCSS – UG – 2014 മുതൽ 2016 വരെ പ്രവേശനം) ബി.എ., ബി.എം.എം.സി. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.