HIGHLIGHTS : Enforcement squad continues inspection: Banned 300 ml plastic drinking bottles seized
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന്റെ കീഴിലുള്ള ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന ഊർജിതമായി തുടരുന്നു. ഇന്നലെ നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സർക്കാർ നിരോധനമുള്ള 300 എം.എല്ലിന്റെ 11292 പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. നിലമ്പൂർ നഗരസഭയിലെ കരിമ്പുഴയിൽ പ്രവർത്തിക്കുന്ന ഹിൽവ വാട്ടർ എന്ന സ്ഥാപനത്തിൽ നിന്നാണ് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരെ 10,000 രൂപ പിഴ ചുമത്തുന്നതിന് നിലമ്പൂർ മുനിസിപ്പൽ സെക്രട്ടറിക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നിർദേശം നൽകി. വിവിധ പരിപാടികൾക്കും ആഘോഷങ്ങൾക്കും ഇത്തരത്തിലുള്ള നിരോധിക്കപ്പെട്ട വെള്ള കുപ്പികളാണ് ഉപയോഗിച്ചുവരുന്നത്.
ഇത്തരം വെള്ളക്കുപ്പികൾ ഉപയോഗിക്കുക വഴി വെള്ളം ദുരുപയോഗം ചെയ്യുന്നു എന്ന് മാത്രമല്ല ഉപയോഗത്തിന് ശേഷം ജൈവമാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കത്തിക്കുന്നതായും പരാതികളുണ്ട്. പരിശോധനകൾ ശക്തമാക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയതിനാൽ വരും ദിവസങ്ങളിലും സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജിതമാക്കും.
പരിശോധനയ്ക്ക് ജില്ലാ എൻഫോസ്മെന്റ് സ്‌ക്വാഡ് ടീം ലീഡർ എ. പ്രദീപൻ, കെ.പി അനിൽ കുമാർ, സ്‌ക്വാഡ് അംഗങ്ങളായ അഖിലേഷ്, കെ. സിറാജുദ്ദീൻ, ജയപ്രകാശ്, നിലമ്പൂർ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. വിനോദ്, ഹണി സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി.