HIGHLIGHTS : Calicut University News; Researcher from the Department of Physics, Calicut University, wins award for best presentation
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷകക്ക് മികച്ച അവതരണത്തിനുള്ള പുരസ്കാരം
ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ( ബാർക്ക്, മുംബൈ ) വച്ച നടന്ന 68-ാമത് സോളിഡ് സ്റ്റേറ്റ് സിമ്പോസിയത്തിൽ മികച്ച അവതരണത്തിനുള്ള പുരസ്കാരം കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷക വിദ്യാർഥിയായ ജംഷീന സനത്തിന് ലഭിച്ചു. ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ഇന്ത്യയിലെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലെയും, സർവകലാശാലകളിലെയും, ഐ.ഐ.ടി., ഐ.ഐ.എസ്.ആർ. തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ ഉൾപ്പെടെ 700-ൽ അധികം മത്സാരാർഥികളിൽ നിന്നാണ് ഈ അംഗീകാരം. ഇന്ത്യയിലെ ശാസ്ത്ര ഗവേഷകരെ ഒരു വേദിയിൽ എത്തിക്കാനും നൂതനമായ ആശയങ്ങൾ പങ്കുവെക്കാനും വേണ്ടി 1957 ആരംഭിച്ച വേദിയാണ് ഈ സിമ്പോസിയം. ഡി.എസ്.ടി. – ഡബ്ല്യൂ.ഐ.എസ്.ഇ. ( DST – WISE ) ഫെല്ലോഷിപ്പോടു കൂടി സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് സീനിയർ പ്രഫസറായ ഡോ. പി.പി. പ്രദ്യുമ്നന്റെ കീഴിലാണ് ജംഷിന ഗവേഷണം നടത്തുന്നത്. പാഴായിപ്പോകുന്ന താപോർജ്ജത്തെ വൈദ്യുതി ആക്കി മാറ്റാൻ കഴിവുള്ള തെർമോ ഇലക്ട്രിക്ക് പദാർത്ഥങ്ങളും അവയുടെ ക്ഷമത വർധിപ്പിക്കാനുള്ള മാർഗങ്ങളും ആണ് ഗവേഷണ മേഖല. ഹരിത ഗൃഹ പ്രഭാവം തുടർന്ന് ഉണ്ടാവുന്ന കാലാവസ്ഥ വ്യതിയാനം എന്നിവക്ക് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപഭോഗത്തിൽ നിന്ന് മുക്തമാവാനും സുസ്ഥിര വികസന സങ്കല്പങ്ങളോട് ചേർന്ന് നിന്ന് കൊണ്ട് ഊർജ ഉത്പാദനം സാധ്യമാക്കാനും പര്യാപ്തമായ പദാർഥങ്ങളാണ് തെർമോ ഇലക്ട്രിക്ക് മെറ്റീരിയലുകൾ. കോപ്പർ ക്രോമിയം ഓക്സയിഡ് എന്ന മൂല പദാർത്ഥത്തിൽ മഗ്നീഷ്യം, സിങ്ക്, നിക്കൽ എന്നീ മൂലകങ്ങൾ ഒരുമിച്ചു ചേർക്കുമ്പോൾ ഘടനാപരവും ഗുണപരവും ആയ മാറ്റങ്ങളെ കുറിച്ചുള്ള പഠനമാണ് സമ്മാനാർഹമായത്. ഇവയുടെ സംയോജിത പ്രവർത്തനങ്ങൾ മൂല പദാർത്ഥത്തിൽ നാനോ സുഷിരങ്ങൾ ഉണ്ടാകുകയും അത് വഴി താപ ചാലകത കുറച്ച് മെച്ചപ്പെട്ട ഊർജക്ഷമത കൈവരിക്കാനും ഈ ഗവേഷണം വഴി സാധിച്ചു. ഫാറൂഖ് കോളേജ് ഫിസിക്സ് വിഭാഗം മേധാവിയും കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷക വിദ്യാർഥിയുമായ മിഥുൻ ഷായും ഈ ഗവേഷണത്തിൽ പങ്കാളിയാണ്.
അനുശോചിച്ചു
എം. ടി. വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തിയ അനുശോചന യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍. വി. എം. ദിവാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെനറ്റംഗം അഡ്വ. എം. രാജന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി. കെ. ഖലീമുദ്ധീന്‍, എ. കെ. അനുരാജ്, ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യാത്രയയപ്പ് നൽകി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവർക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. പരീക്ഷാ ഭവനിലെ ജോയിന്റ് രജിസ്ട്രാർ – സ്മിതാ ഭരതൻ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – സി. എം. മജീദ്, ക്ലറിക്കൽ അസിസ്റ്റന്റ് – സി. മുഹമ്മദ് മുസ്തഫ, അറബിക് പഠനവകുപ്പിലെ സെക്ഷൻ ഓഫിസർ – കെ. എം. റസാഖ് എന്നിവരാണ് വിരമിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ. കെ. സതീഷ് അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി. പി. ഗോഡ്‌വിൻ സാംരാജ്, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സിൻഡിക്കേറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ഡിസംബർ 30-ന് രാവിലെ 10 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
പുനഃ പ്രവേശന അപേക്ഷ
കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന 2020 – ൽ ( CBCSS ) ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. ഫിലോസഫി, ബി.എ. സോഷ്യോളജി, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുകയും ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത ശേഷം തുടർപഠനം നടത്താൻ സാധിക്കാത്തതുമായവർക്ക് ആവശ്യമായ രേഖകൾ സഹിതം സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിലുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി ആറാം സെമസ്റ്ററിലേക്ക് (CBCSS – 2022 പ്രവേശനം ബാച്ചിന്റെ കൂടെ) പുനഃ പ്രവേശനം നേടാം. പിഴ കൂടാതെ ജനുവരി ആറ് വരെയും 100/- രൂപ പിഴയോടെ എട്ട് വരെയും 500/- രൂപ അധിക പിഴയയോടെ 10 വരെയും അപേക്ഷിക്കാം. ഫോൺ : 0494 – 2400288, 0494 – 2407356.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ട്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ( PG CBCSS ) എം.എ., എം.എസ് സി., എം.കോം – (അഫിലിയേറ്റഡ് കോളേജുകളിലെ – 2020 പ്രവേശനം) സെപ്റ്റംബർ 2024 / (വിദൂര വിഭാഗത്തിലെ – 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഒന്നിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
എസ്.ഡി.ഇ. / പ്രൈവറ്റ് / റഗുലർ – 1992 മുതൽ 2004 വരെ പ്രവേശനം ബി.കോം. പാർട്ട് III ( ന്യൂമെറിക്കൽ രജിസ്റ്റർ നമ്പർ മാത്രം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
എം.ബി.എ. (2013, 2014, 2015 പ്രവേശനം) ഒന്നും രണ്ടും സെമസ്റ്റർ (ഫുൾ ടൈം), മൂന്നാം സെമസ്റ്റർ (ഫുൾ ടൈം ആന്റ് പാർട്ട് ടൈം), നാലാം സെമസ്റ്റർ (ഫുൾ ടൈം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും എം.സി.എ. (2016 പ്രവേശനം) നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു