
വനിതാ ശാസ്ത്രജ്ഞ പദ്ധതിയില്‍ കാലിക്കറ്റിലെ ഗവേഷകയും
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വനിതാ ശാസ്ത്രജ്ഞ പ്രോജക്റ്റിന് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയായ എ.ടി. ഫാത്തിമ ഷിറിന്‍ ഷന തിരഞ്ഞെടുക്കപ്പെട്ടു. 16,65,000 രൂപയും കമ്പ്യൂട്ടര്‍, യാത്രാബത്ത മുതലായവയുമാണ് അനുവദിച്ചത്. കേരളത്തില്‍ നിന്ന് ഇടം നേടിയ ഏക ഗവേഷകയാണ് ഇവര്‍. കാലിക്കറ്റിലെ ഫിസിക്സ് പഠന വിഭാഗം പ്രൊഫസര്‍ ഡോ. എം.എം. മുസ്തഫയുടെ കീഴിലാണ് ഗവേഷണ പദ്ധതി. ന്യൂക്ലിയര്‍ റിയാക്ടര്‍, ആക്സിലറേറ്റര്‍, റേഡിയേഷന്‍ ഡോസിമെട്രി എന്നീ മേഖലകളിലെ വളരെ പ്രാധാന്യമുള്ള ‘ സെക്കന്‍ഡറി ന്യൂട്രോണ്‍ പ്രൊഡക്ഷന്‍ ആന്‍ഡ് വാലിഡേഷന്‍ ഓഫ് ന്യൂക്ലിയര്‍ റിയാക്ഷന്‍ ‘ എന്നതാണ് ഗവേഷണ വിഷയം. റേഡിയോ തെറാപ്പി പോലുള്ള ചികിത്സകളിലും ന്യൂക്ലിയര്‍ റിയാക്ടറുകളിലുമെല്ലാം അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന ന്യൂട്രോണുകളെക്കുറിച്ചും അവയുണ്ടാക്കുന്ന പരിണിതഫലങ്ങളെക്കുറിച്ചും പഠനം നടക്കും. ന്യൂഡല്‍ഹിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സിലറേറ്റര്‍ സെന്ററിലാകും പരീക്ഷണങ്ങള്‍ നടത്തുകയെന്ന് ഡോ. എം.എം. മുസ്തഫ പറഞ്ഞു. മൂന്നുവര്‍ഷമാണ് ഗവേഷണ കാലാവധി. പെരിന്തല്‍മണ്ണ അരിമ്പ്രത്തൊടി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍-റജില ദമ്പതിമാരുടെ മകളാണ് ഫാത്തിമ ഷിറിന്‍ ഷന. ന്യൂഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലായിലെ ഗവേഷകനായ എം. ഷമീദാണ് ഭര്‍ത്താവ്.
പ്രൊഫ. കെ.പി. മുരളീധരന്‍ ട്രസ്റ്റ് പുരസ്‌കാരം
ഡോ. എം. തേന്മൊഴിക്ക് സമ്മാനിച്ചു
പ്രൊഫ. കെ.പി. മുരളീധരന്‍ പുരസ്‌കാര ട്രസ്റ്റിന്റെ 2020 വര്‍ഷത്തെ ഗവേഷക പുരസ്‌കാരം മദ്രാസ് ഐ.ഐ.ടിയിലെ ഡോ. എം. തേന്മൊഴിക്ക് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു. ഗവേഷണ പ്രബന്ധങ്ങളുടേയോ പ്രസിദ്ധീകരണങ്ങളുടേയെ എണ്ണത്തിലല്ല, പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ അവ പ്രയോഗിക്കുമ്പോഴാണ് ഗവേഷകര്‍ക്ക് സംതൃപ്തി ലഭിക്കേണ്ടതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ഡോ. തേന്‍മൊഴി അഭിപ്രായപ്പെട്ടു. കാലിക്കറ്റിലെ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് പഠനവകുപ്പില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. കെ.പി. മുരളീധരന്റെ പേരില്‍ അദ്ദേഹത്തിന്റെ ഗവേഷക വിദ്യാര്‍ഥികള്‍ രൂപവത്കരിച്ച ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മദ്രാസ് ഐ.ഐ.ടിയിലെ മാനേജ്മെന്റ് പഠനവിഭാഗത്തില്‍ പ്രൊഫസറാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ഡോ. എം. തേന്മൊഴി.
ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷനായി. ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ബേബി ഷാരി, സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. എം. മനോഹരന്‍, അഡ്വ. ടോം. കെ. തോമസ്, ഡോ. കെ.പി. വിനോദ് കുമാര്‍, കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍, കൊമേഴ്‌സ് പഠനവിഭാഗം മേധാവി ഡോ. ബി. ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ലാസ്സുകള്‍ പുനരാരംഭിക്കും
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 7-ന് തുടങ്ങി, മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 9-ന് പുനരാരംഭിക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
2012 പ്രവേശനം ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ 1, 2, 4, 6, 7, 8 സെമസ്റ്ററുകളില്‍ എല്ലാ അവസരവും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 25-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 28-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രബന്ധപരിശോധനയും വൈവയും
പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 പരീക്ഷയുടെ പ്രബന്ധ പരിശോധനയും വൈവയും 11-ന് ഓണ്‍ലൈനായി നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം വര്‍ഷ അദീബെ ഫാസില്‍ ഉറദു പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 17-ന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.




