കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഗവേഷണ ലാബുകള്‍ ഉദ്ഘാടനം ചെയ്തു

ഗവേഷണ ലാബുകള്‍ ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവിഭാഗത്തില്‍ പുതിയതായി നിര്‍മിച്ചതും നവീകരിച്ചതുമായ ആറ് ഗവേഷണ ലബോറട്ടറികള്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രസതന്ത്രത്തിലെയും അനുബന്ധശാഖകളിലെയും സുപ്രധാനവും നൂതനവുമായ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് ഉതകുന്ന സൗകര്യങ്ങളോടു കൂടിയ ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം, ലോഹശോഷണം, വാതകശേഖരണത്തിനുള്ള സുപ്രാമോളിക്യുലാര്‍ തന്‍മാത്രകള്‍, കമ്പ്യൂട്ടേഷണല്‍ രസതന്ത്രം, സൗരോര്‍ജ്ജ ഉപയോഗം, ജലവിശ്ലേഷണം വഴി ഹരിത ഹൈഡ്രജന്‍ ഉല്‍പാദനം, ഹരിത ഗ്രാഫീന്‍ ഉല്‍പാദനവും അതിന്റെ നവീന ഉപയോഗങ്ങളും അര്‍ബുദ ചികിത്സക്കുതകുന്ന തന്മാത്രകളും പ്രകൃതി ഉല്‍പന്നങ്ങളും തുടങ്ങിയവ ഗവേഷണ മേഖലകളില്‍ ചിലതാണ്.  സര്‍വകലാശാലക്ക് അടുത്തിടെ ലഭിച്ച ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ‘പഴ്‌സ്’ ധനസഹായം ഉപയോഗിച്ചുള്ള ഗവേഷണങ്ങള്‍ക്കും ഈ പുതിയ ലാബുകള്‍ വേദിയാകും. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, കെമിസ്ട്രി പഠനവകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോന്‍, ഡോ. അബ്രഹാം ജോസഫ് എന്നിവര്‍ സംസാരിച്ചു.

അസി. പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ പ്രൊജക്ട് മോഡ് കോഴ്‌സുകള്‍ക്കായി അസി. പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ഗസ്റ്റ് അദ്ധ്യാപക നിയമനം

വലപ്പാട് കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദമുള്ളവര്‍ 11-ന് രാവിലെ 10.30-ന് സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യത അഭികാമ്യം.

സുല്‍ത്താന്‍ ബത്തേരി, പൂമലയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ 12-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

സൗജന്യ ഫാബ്രിക് പെയ്ന്റിംഗ് കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ 18-ന് തുടങ്ങുന്ന ഫാബ്രിക് പെയ്ന്റിംഗ് ആന്റ് ഗ്ലാസ് പെയ്ന്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്. ഫോണ്‍ 9846464510.

എം.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എം.എഡ്. കോഴ്‌സിന് എസ്.ടി. സംവരണ വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട, പ്രൊസ്‌പെക്ടസ് പ്രകാരമുള്ള ഒ.ഇ.സി. വിഭാഗക്കാരായ അപേക്ഷകര്‍ 12-ന് പകല്‍ 2 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം.

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023 അക്കാദിമിക വര്‍ഷത്തില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് ഇ.ടി.ബി., ഒ.ഇ.സി., എസ്.സി., എസ്.ടി., എല്‍.സി. എന്നീ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനൊപ്പം 7, 8 തീയതികളില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 9496289480       .

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2022, സപ്തംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top