Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; റേഡിയോ സി.യു. ഇനി ആപ്പില്‍ കേള്‍ക്കാം നൂറാം ദിനാഘോഷത്തില്‍ ലൈവ് പരിപാടികളും  

HIGHLIGHTS : Calicut University News; Radio CU Now you can listen to live programs on the 100th day celebration in the app

റേഡിയോ സി.യു. ഇനി ആപ്പില്‍ കേള്‍ക്കാം നൂറാം ദിനാഘോഷത്തില്‍ ലൈവ് പരിപാടികളും  

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു. നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ആപ്പ് പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘റേഡിയോ സിയു’ ആപ്പ് വഴിയും ഇനി കാമ്പസ് റേഡിയോ ആസ്വദിക്കാനാകും.   നൂറാംദിനാഘോഷം കേക്ക് മുറിച്ച് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈവ് പരിപാടികളുടെ ഉദ്ഘാടനവും റേഡിയോ ആപ്പ്, തീം സോങ് എന്നിവയുടെ പ്രകാശനവും വി.സി. നിര്‍വഹിച്ചു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് ആപ്പ് തയ്യാറാക്കിയത്. യു. അനൂപ് രചനയും സംഗീതവും നിര്‍വഹിച്ച പ്രമേയ ഗാനം പാടിയിരിക്കുന്നത് ഗായികയും കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിയുമായ സിത്താര കൃഷ്ണകുമാറാണ്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ തോമസ്, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, റേഡിയോ ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഡോ. സി.ഡി. രവികുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍മാന്‍ സ്നേഹില്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യത്യസ്തങ്ങളായ വിനോദ-വിജ്ഞാന പരിപാടികളുമായി റേഡിയോ സി.യു. കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള പഠന പരിപാടികളും വൈകാതെ പ്രക്ഷേപണം ചെയ്യും. നിലവില്‍ വിവിധ രാജ്യങ്ങളിലായി എഴുപതിനായിരത്തോളം ശ്രോതാക്കളാണ് റേഡിയോ സി.യുവിനുള്ളത്.

sameeksha-malabarinews

കാലിക്കറ്റ് ഇ.എം.എം.ആര്‍.സിയുടെ ഡോക്യുമെന്ററിക്ക്
സംസ്ഥാന പുരസ്‌കാരം

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിയുടെ ഡോക്യുമെന്ററിക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്. ബാംബൂ ബാലഡ്സ് (മുള ഗീതങ്ങള്‍) എന്ന ഡോക്യുമെന്റെറിക്കാണ് വനിതാ-ശിശു വിഭാഗത്തില്‍ പുരസ്‌കാരം. സജീദ് നടുത്തൊടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിരവധി വിദേശ ചലച്ചിത്ര മേളകളിലും പ്രശസ്തമായ എം.ഐ.എഫ്.എഫ്.  ഫെസ്റ്റിവലിലും അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദാണ് പ്രാഡക്ഷന്‍ അഡൈ്വസര്‍. ക്യാമറ എം. ബാനിഷും എഡിറ്റിംഗ് പി.സി. സാജിദും നിര്‍വഹിച്ചു. മിഥുന്‍, നിധിന്‍, സന്തോഷ് ജയരാജ്, ദീപ്തി നാരായണന്‍, വിനീഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ അണിയറ പ്രവര്‍ത്തകരായിരുന്നു. പ്രകൃതി ജീവിതത്തിന്റെ സംഗീതമാകുന്നതും മുള കൊണ്ടുള്ള  മ്യൂസിക് ബാന്‍ഡിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും പ്രചാരണത്തിനുമായി  നൈന ഫെബിന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വേറിട്ട പ്രവര്‍ത്തനങ്ങളുമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. വിദ്യാഭ്യാസ ഡോക്യുമെന്ററികളും ടെലിവിഷന്‍ പ്രോഗ്രാമുകളും ഓണ്‍ലൈന്‍ കോഴ്സുകളും തയ്യാറാക്കുന്ന സ്ഥാപനമാണ് ഇ.എം.എം.ആര്‍.സി. (എഡ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍).

ഹിന്ദി ഭാഷയും സാഹിത്യവും – റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി ഹിന്ദി ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. 2023 ജനുവരി 4 മുതല്‍ 17 വരെ നടക്കുന്ന കോഴ്‌സിന് ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in). ഫോണ്‍ 0494 2407350, 7351.

സര്‍വകലാശാലാ ഡി.എസ്.യു. ചുമതലയേറ്റു

കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന്‍ ചുമതലയേറ്റു. ഭാരവാഹികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.എസ്.യു. പ്രസിഡന്റ് ഡോ. ഷിബി സി., രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ സി.കെ. ജിഷ, യൂണിയന്‍ ചെയര്‍മാന്‍ സ്നേഹില്‍ എന്നിവര്‍ സംസാരിച്ചു.

പ്രൊഫഷണല്‍ അസിസ്റ്റന്റ് അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 5, 6 തീയതികളില്‍ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ / അവസാന വര്‍ഷ പി.ജി. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 2023 ജനുവരി 3-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. അഗ്രിക്കള്‍ച്ചര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ ക്ലാസ്

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 28-ന് തുടങ്ങും.

പാര്‍ട്ട് ടൈം അദ്ധ്യാപക നിയമനം
(കോഴിക്കോട് എഡിഷനിലും പ്രസിദ്ധീകരിക്കാന്‍ താല്‍പര്യം)

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, പെര്‍ഫോമിംഗ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ചറെയും നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 1-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0495 2992701.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!