
അന്താരാഷ്ട്ര സസ്യശാസ്ത്ര കോണ്‍ഗ്രസിന് കാലിക്കറ്റില്‍ നിന്ന് ഒമ്പത് ഗവേഷകര്‍
സ്‌പെയിനില്‍ നടക്കുന്ന അന്താരാഷ്ട്ര ബൊട്ടാണിക്കല്‍ കോണ്‍ഗ്രസിന് കാലിക്കറ്റ് സര്‍വകലാശാലയിലെ എട്ട് ഗവേഷകര്‍. ജൂലൈ 21 മുതല്‍ 27 വരെ നടക്കുന്ന സമ്മേളനത്തില്‍ ബോട്ടണി പഠന വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഞ്ജു സി നായര്‍, ഡി.എസ്.ടി. – വുമണ്‍സയന്റിസ്റ്റ് ഡോ. എ.പി. ജനീഷ, ഗവേഷകരായ ആഷ്‌ന ടോംസ്, അശ്വതിഗംഗ, ഐ. അംബിക, വി.വി. ദൃശ്യ എന്നിവര്‍ക്കും കഴിഞ്ഞവര്‍ഷങ്ങളിലായി ഡോക്ടറേറ്റ് നേടിയ ഡോ. എസ്. രശ്മി (റിസര്‍ച്ച്അസോസിയേറ്റ്, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കോയമ്പത്തൂര്‍), ഡോ. പി. സൗമ്യ (റിസര്‍ച്ച് അസോസിയേറ്റ്, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കൊല്‍ക്കത്ത), ഡോ. വിഷ്ണുമോഹന്‍ (യങ്ങ് പ്രൊഫഷണല്‍, കേരള കാര്‍ഷിക സര്‍വകലാശാല, മണ്ണുത്തി) എന്നിവര്‍ക്കുമാണ് പ്രബന്ധാവതരണത്തിനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. സസ്യവര്‍ഗീകരണത്തിനുള്ള നിയമങ്ങളും ശുപാര്‍ശകളും തീരുമാനിക്കപ്പെടുന്ന സമ്മേളനം ആറുവര്‍ഷത്തിലൊരിക്കലാണ് നടത്തുന്നത്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്ലാന്റ ടാക്‌സോണമി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗവേഷകരാണ് പങ്കെടുക്കുക. ബോട്ടണി പഠനവകുപ്പിലെ സീനിയര്‍ പ്രൊഫസര്‍ ആയ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ഡോ. എസ്. രശ്മി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്ലാന്റ ടാക്‌സോണമിയുടെ ട്രാവല്‍ ഗ്രാന്റിനും ഡോ. വിഷ്ണുമോഹന്‍ ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച് ബോര്‍ഡിന്റെ ട്രാവല്‍ ഗ്രാന്റിനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാലിക്കറ്റിലെ തന്നെ പ്രൊഫസറായ ഡോ. പി. സുനോജ്കുമാറിന് കീഴില്‍ ഗവേഷണംപൂര്‍ത്തിയാക്കിയയാളാണ് ഡോ. പി. സൗമ്യ. നിലവില്‍ ഗവേഷണ വിദ്യാര്‍ഥികളാണ് ആഷ്‌നടോംസും അശ്വതിഗംഗയും. അസി. പ്രൊഫസറായ ഡോ. സി. പ്രമോദിന് കീഴിലെ ഗവേഷകരാണ് ഐ. അംബികയും വി.വി. ദൃശ്യയും (ഗവ. ബ്രണ്ണന്‍കോളേജ്, തലശ്ശേരി).
സർവകലാശാലയിൽ തൊഴിൽ മേള
കാലിക്കറ്റ് സർവകലാശാലാ പ്ലേസ്മെന്റ് സെല്ലും ബാംഗ്ലൂർ ആസ്ഥാനമായ K-12 ടെക്‌നോ സർവീസും ചേർന്ന് ജൂലൈ 19 – ന് കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ആവശ്യമുള്ള തസ്തിക, യോഗ്യത, എന്നിവ ക്രമത്തിൽ. 1) ബിസിനസ് ഡെവലപ്മെന്റ് മാനേജർ, എം.ബി.എ.. 2) ഇംഗ്ലീഷ് ആന്റ് മാത്തമാറ്റിക്സ് അദ്ധ്യാപകർ, ബിരുദം + ബി.എഡ്. (വനിതകൾ മാത്രം). 3) പേരന്റ് റിലേഷൻ ഓഫീസർ (PRO), ബി.ബി.എ. / ബി.കോം.. 4) പേരന്റ് റിലേഷൻ മാനേജർ (PRM), ബി.ബി.എ. (വനിതകൾ മാത്രം). കേരളത്തിന് പുറത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരും ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30 – ന് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281478036, ഇ-മെയിൽ : placement@uoc.ac.in .
ബി.എഡ്. രണ്ടാം അലോട്ട്മെന്റ്
കാലിക്കറ്റ് സര്‍വകലാശാലയുടെ 2024-2025 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖേനയുള്ള ബി.എഡ്. പ്രവേശനത്തിന്റെ ( കൊമേഴ്സ് ഓപ്ഷന്‍ ഒഴികെയുള്ള ) രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 20 – ന് നാലു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് സഹിതം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സി.ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗം : 135/- രൂപ, മറ്റുള്ളവര്‍ : 540/- രൂപ എന്നിങ്ങനെയാണ് മാന്‍ഡേറ്ററി ഫീസ്. മാന്‍ഡേറ്ററി ഫീസടച്ച് പ്രവേശനം നേടാത്തവര്‍ക്ക് നിലവില്‍ ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതാണ്. ഇവരെ തുടര്‍ന്നുള്ള പ്രവേശനത്തിന് പരിഗണിക്കില്ല. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും റദ്ദ് ചെയ്ത് അഡ്മിറ്റ് കാര്‍ഡ് എടുത്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവരെ രണ്ടാം അലോട്ട്മെന്റിനുശേഷം ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതായിരിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടി.സി. ഒഴികെയുള്ള എല്ലാ അസല്‍ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാവുന്നതാണ്. കൊമേഴ്സ് ഓപ്ഷനിലേക്കുള്ള പ്രവേശന നടപടികള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ എം.കോം. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം ആരംഭിക്കും.
എഡിറ്റിങ്
ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (കൊമേഴ്സ് ഓപ്ഷന്‍ ഒഴികെ) അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള സൗകര്യം ജൂലൈ 20 – ന് വൈകിട്ട് അഞ്ചു മണി വരെ ലഭ്യമാകും. ഒന്നാം ഓപ്ഷന്‍ ലഭിച്ച് സ്ഥിരം പ്രവേശനം നേടിയവരും, ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്ത് സ്ഥിരം പ്രവേശനം നേടിയവരുമായ വിദ്യാർഥികള്‍ ഒഴികെയുള്ളവര്‍ക്ക് എഡിറ്റ് ഓപ്ഷന്‍ ലഭ്യമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റുകള്‍ ലഭിച്ച് ഇന്‍ഡക്സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍ കാറ്റഗറി, കോളേജ് ഓപ്ഷന്‍ മുതലായവയിലെ തെറ്റുകള്‍ കാരണം പ്രവേശനം എടുക്കാന്‍ കഴിയാതിരുന്നവര്‍ക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. എഡിറ്റ് ചെയ്യുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്.
ലേറ്റ് രജിസ്ട്രേഷന്‍
ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാർഥികള്‍ക്ക് എസ്.സി. / എസ്.ടി. 535/- രൂപ, മറ്റുള്ളവര്‍ 1030/- രൂപ. ഫീയോടുകൂടി ലേറ്റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം (കൊമേഴ്സ് ഓപ്ഷന്‍ ഒഴികെ) ജൂലൈ 20 – ന് വൈകിട്ട് അഞ്ചു മണി വരെ https://admission.uoc.ac.in എന്ന വെബ്‍സൈറ്റില്‍ ലഭ്യമാവും. ലേറ്റ് രജിസ്ട്രേഷന്‍ ചെയ്തവരെ വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. ഫോണ്‍ : 0494 2407017, 2407016, 2660600
പി.ജി. ട്രയൽ അലോട്ട്മെന്റ്
2024 – 2025 അധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 18-ന് വൈകീട്ട് നാല് മണി വരെ പി.ജി ക്യാപ്-2024 സ്റ്റുഡന്റ് ലോഗിൻ മുഖേന വിദ്യാർഥികള്‍ക്ക് അവരുടെ ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. 18 – ന് വൈകീട്ട് നാല് മണി വരെ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ അവരുടെ അപേക്ഷയിൽ എല്ലാ വിധ തിരുത്തലുകൾ (പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി., യു.ജി. രജിസ്റ്റർ നമ്പർ എന്നിവ ഒഴികെ) വരുത്താനുള്ള അവസരം ഉണ്ടായിരിക്കും. തിരുത്തൽ സൗകര്യം ഉപയോഗപ്പെടുത്തുന്നവർ അപേക്ഷ ഫൈനലൈസ് ചെയ്തു എന്ന് ഉറപ്പ് വരുത്തേണ്ടതും, പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം തുടർന്ന് വരുന്ന അലോട്ട്മെന്റുകളിൽ നിന്നും പുറത്താക്കപ്പെടും. കേരളത്തിന് പുറത്തുള്ള സർവകലാശാല / സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർ അതത് സർവകലാശാലകളിൽ നിന്ന് താഴെപറയുന്ന രേഖകൾ പ്രവേശന സമയത്തു ഹാജരാക്കേണ്ടതാണ്. സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബോണാഫൈഡ് സർട്ടിഫിക്കറ്റ്), മാർക്ക് / ഗ്രേഡ് കാർഡിൽ മാർക്ക് ശതമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ മാർക്ക് ശതമാന വിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം.
ഇന്റഗ്രേറ്റഡ് പി.ജി.: അപേക്ഷ തിരുത്താം
അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ക്ക് നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും (ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ, പേര്, രജിസ്റ്റർ നമ്പർ, ജനന തിയതി എന്നിവ ഒഴികെ) പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനും സൗകര്യം ജൂലൈ 20 വരെ ലഭ്യമാകും. ഫസ്റ്റ് ഓപ്‌ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി ഹയർ ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും തിരുത്തൽ സൗകര്യമുണ്ടാകും. അലോട്ട്മെന്റ് ലഭിച്ച് സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അലോട്ട്മെന്റിൽ നിന്ന് പുറത്തുപോയ വിദ്യാർഥികൾ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ രണ്ടു വർഷ ബി.പി എഡ്. (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് എട്ട് വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




