Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘ബഷീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ കാലാതിവര്‍ത്തിയായി തുടരും’

HIGHLIGHTS : Calicut University News

sameeksha-malabarinews
‘ബഷീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ കാലാതിവര്‍ത്തിയായി തുടരും’

ബഷീറിന്റെ രചനകളും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും കാലാതിവര്‍ത്തിയായി തുടരുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം അഭിപ്രായപ്പെട്ടു. എഴുത്തിലും ജീവിതത്തിലുമുള്ള ബഷീറിന്റെ ഭാഷാ പ്രയോഗങ്ങളും ശൈലികളും മറക്കാനാകാത്ത ഓര്‍മകളാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സാഹിത്യ നിരൂപകന്‍ ഡോ. കെ.എസ്. രവികുമാര്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്‍ വിസിറ്റിങ്ങ് പ്രൊഫസര്‍ ഡോ. പി.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മലയാളം പഠനവകുപ്പ് മേധാവി ഡോ. സോമനാഥന്‍, ദിനു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ആറിന് രാത്രി ഏഴ് മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടക്കുന്ന ‘ബഷീറിന്റെ ഇന്ത്യ’ പ്രഭാഷണ പരമ്പരയില്‍ ‘ബഷീറിന്റെ കാലത്തെ മറാത്തി സാഹിത്യം’ എന്ന വിഷയത്തില്‍ ബറോഡ സര്‍വകലാശാലയിലെ പ്രൊഫ. സച്ചിന്‍ സി. ഖേത്കര്‍ പ്രഭാഷണം നടത്തും.

ബഷീര്‍ അനുസ്മരണം

ബഷീര്‍ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അഞ്ചിന് അനുസ്മരണ പരിപാടി നടത്തും. സംസ്‌കൃത പഠനവിഭാഗം ഹാളില്‍ ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ് പ്രഭാഷണം നടത്തും. ‘ബഷീറും വായനയും’ എന്ന വിഷയത്തില്‍ ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ഡോ. ദാമോദര്‍ പ്രസാദ് സംവദിക്കും. വൈകീട്ട് ആറരക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ ‘ഭാര്‍ഗവീനിലയം’ സിനിമയുടെ പ്രദര്‍ശനവും ഉണ്ടാകും.

മുഹമ്മദ് അബ്ദുറഹ്‌മാന്‍ ചെയര്‍ ഉദ്ഘാടനം

കാലിക്കറ്റ് സര്‍വകലാശാലാ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ചെയര്‍ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ് ബുധനാഴ്ച ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്ന് മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. ധീരദേശാഭിമാനിയും സ്വാതന്ത്ര്യ സമരസേനാനിയുമായ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ ജീവിതവും ആദര്‍ശങ്ങളും അക്കാദമിക് തലത്തില്‍ വ്യാപിപ്പിക്കുകയാണ് ചെയറിന്റെ ലക്ഷ്യം. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. മുന്‍ എം.പി. സി. ഹരിദാസ്, എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവകുപ്പില്‍ സി.എസ്.ഐ.ആര്‍. എമിരറ്റസ് സയന്റിസ്റ്റ് സ്‌കീമില്‍ ഒഴിവുള്ള ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ് യോഗ്യതയുമുള്ള 28 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. അപേക്ഷകള്‍ 15-ന് മുമ്പായി ഡോ. കെ.പി. സന്തോഷ്, എമിരിറ്റസ് സയന്റിസ്റ്റ് – സി.എസ്.ഐ.ആര്‍., ഭൗതികശാസ്ത്ര പഠന വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

അഫ്സലുല്‍ ഉലമ പ്രിലിമിനറി അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ അഫ്സലുല്‍ ഉലമ പ്രിലിമിനറി കോഴ്സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് 225 രൂപയും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 115 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 23. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407016, 7017.

ബി.കോം. വൈവ

ലക്ഷദ്വീപ് പി.എം. സയീദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിലെ 2019 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.കോം. വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 6-ന് ഓണ്‍ലൈനായി നടക്കും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ 20-ന് തുടങ്ങും.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ.ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 19-ന് തുടങ്ങും.

അവസാനവര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 പരീക്ഷ 25-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി, ക്ലിനിക്കല്‍ സൈക്കോളജി, ഇലക്ട്രോണിക്സ്, ബോട്ടണി, സൈക്കോളജി, ജ്യോഗ്രഫി, അപ്ലൈഡ് ജിയോളജി, മാത്തമറ്റിക്സ്, ജനറല്‍ ബയോടെക്നോളജി, ബയോകെമിസ്ട്രി നവംബര്‍ 2020 പരീക്ഷയുടെയും ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഫുട്ബോള്‍ ക്വിസ് വിജയികള്‍

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിച്ച് ഡോം ഖത്തര്‍ നടത്തിയ ലോകകപ്പ് ഫുട്ബോള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആലപ്പുഴ നാഷണല്‍ കോളേജ് ടീമിന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനം നല്‍കുന്നു. ഐ.എം. വിജയന്‍, ഷൈജു ദാമോദരന്‍, ഡോം ഖത്തര്‍ പ്രസിഡണ്ട് വി.സി. മഷ്ഹൂദ് തുടങ്ങിയവര്‍ സമീപം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News