കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കേരളം ആഗോളവൈജ്ഞാനിക ഹബ്ബായി മാറും-  മന്ത്രി ഡോ. ആര്‍. ബിന്ദു

കേരളം ആഗോളവൈജ്ഞാനിക ഹബ്ബായി മാറും-  മന്ത്രി ഡോ. ആര്‍. ബിന്ദു

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുന്നതിനുള്ള കഠിനപ്രയത്‌നം തുടരുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പി.എം. ഉഷ സ്‌കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറും സമൂഹം നവവൈജ്ഞാനിക മേഖല സൃഷ്ടിക്കാന്‍ ജനാധിപത്യപരമായി കൂടെ നിന്നു. വിദ്യാര്‍ഥികളുടെ നൂതനാശയങ്ങളെ ഇത്രമേല്‍ പ്രോത്സാഹിപ്പിച്ച കാലം മുമ്പുണ്ടായിട്ടില്ല. ദേശീയ-അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ നേട്ടമുണ്ടായി. വിദ്യാഭ്യാസ മേഖലയില്‍ ഗണ്യമായ നിക്ഷേപമാണ് ഈ സര്‍ക്കാര്‍ നടത്തിയത്. ആദ്യ നാലുവര്‍ഷം കൊണ്ട് ആറായിരം കോടി രൂപ ചെലവിട്ടു. ഇതില്‍ കിഫ്ബി വഴി മാത്രം 1884 കോടി രൂപയുടെ നിര്‍മാണം നടത്തി. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ലബോറട്ടറി കോംപ്ലക്‌സുകള്‍, ആധുനിക ലൈബ്രറികള്‍, ട്രാന്‍സ്ലേഷണല്‍ ഗവേഷണകേന്ദ്രങ്ങള്‍, അന്തര്‍ദേശീയ നിലവാരമുള്ള ഹോസ്റ്റലുകള്‍ തുടങ്ങി ഏറ്റവും മികച്ച സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം പൂര്‍ത്തീകരിച്ചാല്‍ കേരളത്തിലെ കലാലയങ്ങളും സര്‍വകലാശാലകളും ഇന്ത്യയിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള സ്ഥാപനങ്ങളായി മാറുമെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അക്കാദമിക് കോംപ്ലക്‌സിന്റെയും ബഹുനില ഹോസ്റ്റലിൽ കെട്ടിടത്തിന്റെയും ശിലാസ്ഥാപനച്ചടങ്ങിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ചടങ്ങില്‍ മുഖ്യാതിഥിയായ പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാലയില്‍ പി.എം. ഉഷ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും അധ്യാപകരെയും വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു. സർവകലാശാലാ എഞ്ചിനീയർ സി.കെ. മുബാറക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, എ.കെ. അനുരാജ്, ഡോ. ടി. വസുമതി, ഡോ. എം.ബി. ഫൈസൽ, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. പി. റഷീദ് അഹമ്മദ്, ടി.ജെ. മാർട്ടിൻ, പി.എം. ഉഷാ സെൽ കോ – ഓർഡിനേറ്റർ ഡോ. രാജീവ് എസ്. മേനോൻ, പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാർ, ഫിനാൻസ് ഓഫീസർ വി. അൻവർ തുടങ്ങിയവർ പങ്കെടുത്തു.

അക്കാദമിക്ക് ബ്ലോക്ക്

പദ്ധതിയുടെ ആകെ നിർമാണ വിസ്‌തൃതി ഏകദേശം 18,054 ചതുരശ്ര മീറ്റർ ആണ്. അക്കാദമിക് ബ്ലോക്കിന്റെ ആർക്കിടെക്‌ചറൽ ആശയം “Education” എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്ന ‘E’ എന്ന അക്ഷരത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്‌തതാണ്. കെട്ടിടങ്ങൾ പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും പരമാവധി ലഭ്യമാകുന്ന രീതിയിൽ ആസൂത്രണം ചെയ്‌തിരിക്കുന്നു. സെൻട്രൽ ബ്ലോക്കിൽ എൻട്രൻസ് ലോബി, എൻക്വയറി വിഭാഗം, ഡയറക്ട‌റുടെ മുറി. ഫാക്കൽറ്റി മുറികൾ, ഓഫീസ് സൗകര്യങ്ങൾ, കോൺഫറൻസ് ഹാൾ, സെമിനാർ ഹാൾ, സ്റ്റുഡിയോ, റെക്കോർഡ് റൂം തുടങ്ങിയ പ്രധാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.’ കോൺവൊക്കേഷൻ ഹാൾ / ആംഫിതിയേറ്റർ ഏകദേശം 510 പേർക്ക് ഇരിക്കാവുന്ന ശേഷിയുള്ളതാണ്, കൂടാതെ വിശാലമായ സ്റ്റേജ്, ബാല്‌കണി, ഗ്രീൻ റൂമുകൾ, ഡ്രസ്സിംഗ് ഏരിയ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ കഫേറ്റീരിയ ബ്ലോക്കും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് അക്കാദമിക് ബ്ലോക്കുകൾ ക്ലാസ് മുറികളും ലാബുകളും ഉൾക്കൊള്ളുന്നതാണ്. ഓരോ ബ്ലോക്കിലും 35 പേരും 56 പേരും ഇരിക്കാവുന്ന ക്ലാസ് മുറികൾ, ഫാക്കൽറ്റി മുറികൾ, ലോക്കർ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു.

മൾട്ടിസ്റ്റോറി ഹോസ്റ്റൽ

പദ്ധതിയുടെ മാസ്റ്റർ പ്ലാൻ പ്രകാരം ആകെ 14680 ചതുരശ്ര മീറ്റർ വിസ്ത‌ീർണ്ണമുള്ള ബഹുനില കെട്ടിട സമുച്ചയം നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 5125 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിട ഭാഗങ്ങളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. മാസ്റ്റർ പ്ലാൻ പ്രകാരം ഹോസ്റ്റൽ കെട്ടിടത്തിൽ വിവിധ നിലകളിലായി ട്രിപ്പിൾ സീറ്റഡ് വിദ്യാർത്ഥി മുറികൾ ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 62 മുറികളും ഒന്നാം നിലയിൽ 64 മുറികളും രണ്ടാം നിലയിൽ 65 മുറികളും ഉൾപ്പെടെ ആകെ 191 മുറികൾ ഒരുക്കുന്നതാണ് പദ്ധതി. ഓരോ മുറിയിലും മൂന്ന് പേർക്ക് താമസ സൗകര്യമുള്ളതിനാൽ ഗ്രൗണ്ട് ഫ്ലോറിൽ 186 വിദ്യാർത്ഥികൾക്കും ഒന്നാം നിലയിൽ 192 വിദ്യാർത്ഥികൾക്കും രണ്ടാം നിലയിൽ 195 വിദ്യാർത്ഥികൾക്കും താമസ സൗകര്യം ലഭ്യമാകും. ഇതോടെ ആകെ 573 വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതാണ് ലക്ഷ്യം. നിലവിൽ നടപ്പിലാക്കുന്ന ഒന്നാം ഘട്ടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ 33 ട്രിപ്പിൾ സീറ്റഡ് മുറികളും, ഒന്നാം നിലയിൽ 32 ട്രിപ്പിൾ സീറ്റഡ് മുറികളും ഉൾപ്പെടെ ആകെ 65 മുറികൾ നിർമ്മിക്കുന്നതാണ്. ഇതിലൂടെ ഗ്രൗണ്ട് ഫ്ലോറിൽ 99 വിദ്യാർത്ഥികൾക്കും ഒന്നാം നിലയിൽ 96 വിദ്യാർത്ഥികൾക്കും. ആകെ 195 വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ലഭ്യമാകും. പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണ ചെലവ് ഏകദേശം 15.02 കോടി രൂപയാണ്. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 12 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സർവകലാശാലാ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.എൽ. രഞ്ജിത്താണ് രൂപരേഖ തയ്യാറാക്കിയത്. പദ്ധതികളുടെയും നിർമാണ പ്രവൃത്തി കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ – ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡിനെയാണ് ഏൽപ്പിച്ചിരിക്കുന്നു.

കാലിക്കറ്റിൽ ഓൺലൈൻ ബിരുദം ഇപ്പോൾ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് (സി.ഡി.ഒ.ഇ.) കീഴിൽ പുതിയതായി ആരംഭിക്കുന്ന യു.ജി.സി. അംഗീകൃത ഓൺലൈൻ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ. സോഷ്യോളജി (ഹോണേഴ്‌സ്), ബി.എ. ഹിസ്റ്ററി (ഹോണേഴ്‌സ്) എന്നീ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കാണ് (CUFYUGP) അപേക്ഷ ക്ഷണിച്ചത്. മൂന്ന് വർഷ ബിരുദ എക്സിറ്റ് ഓപ്ഷനോട് കൂടിയവയാണ് ഈ പ്രോഗ്രാമുകള്‍. ഓൺലൈനായി പിഴ കൂടാതെ മാർച്ച് 20 വരെയും 500 രൂപ പിഴയോടെ മാർച്ച് 27 വരെയും അപേക്ഷിക്കാം. ലിങ്ക് https://cdoe.uoc.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഫീസിളവിന് അർഹരായവർ അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം കേരള സർക്കാരിൻ്റെ ഇ-ഗ്രാൻ്റസ് പോർട്ടൽ വഴി ഫീസിളവിന് അപേക്ഷിക്കണം. വിദേശ പൗരന്മാർക്കും ജോലി ചെയ്യുന്നവർക്കും പ്രവേശനം നേടാം. വിദ്യാർഥികൾക്ക് സൗകര്യമനുസരിച്ച് പഠനം ക്രമീകരിക്കാം. പ്രായപരിധിയില്ല. റഗുലർ പ്രോഗ്രാം ചെയ്യുന്നവർക്ക് ഓൺലൈൻ പ്രോഗ്രാമിലേക്കും തിരിച്ചും മാറാൻ അവസരമുണ്ടാകും. നിലവിൽ കോളേജിൽ പഠനം തുടരുന്നവർക്ക് അതിനോടൊപ്പം തന്നെ മറ്റൊരു പ്രോഗ്രാമിന് ഓൺലൈൻ വഴി പഠനം നടത്താനും അവസരമുണ്ട്. ഇന്റേണൽ, എക്സ്റ്റേണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാം ഓൺലൈനായിരിക്കും. ഒരു ഘട്ടത്തിലും വിദ്യാർഥികൾക്ക് സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. അധ്യാപകരുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകും. ഓരോ പ്രോഗ്രാമുകളും രണ്ട് സ്കീമുകളായി തരം തിരിച്ചിട്ടുണ്ട്. പഠനം മുഴുവൻ ഓൺലൈനായും പരീക്ഷ മാത്രം സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജിൽ  വന്ന് എഴുതാവുന്നതാണ് ആദ്യ സ്‌കീം. പഠനവും പരീക്ഷയും മുഴുവനായി ഓൺലൈനിൽ നടത്തുന്നതാണ് രണ്ടാമത്തെ സ്‌കീം. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്‌കീമിൽ പഠിക്കാം. കൂടുതൽ വിവരങ്ങൾ സി.ഡി.ഒ.ഇ. വെബ്‌സൈറ്റിൽ https://cdoe.uoc.ac.in/ . ഫോൺ : 0494 2407356, 2660600.

പ്രോസ്‌പെക്ടസ് പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ബിരുദ പ്രോഗ്രാമുകളുടെ പ്രോസ്‌പെക്ടസ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രകാശനം ചെയ്തു. സിന്‍ഡിക്കേറ്റിന്റെ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിഭാഗം സ്റ്റാന്റിങ് (സി.ഡി.ഒ.ഇ.) കമ്മിറ്റി കണ്‍വീനര്‍ പി. സുശാന്ത് ഏറ്റുവാങ്ങി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. ടി. വസുമതി രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, സി.ഡി.ഒ.ഇ. ഡയറക്ടര്‍ ഡോ. സി. ഡി. രവികുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. ജാബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബി.എ. –  സോഷ്യോളജി, ഹിസ്റ്ററി പ്രോഗ്രാമുകളുടെ രജിസ്‌ട്രേഷനാണ് തുടങ്ങാനിരിക്കുന്നത്.

നൈപുണി വികസന കോഴ്സ് തുടങ്ങി

കാലിക്കറ്റ് സർവകലാശാലാ യു.ജി.സി. – മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്റർ ഇന്ത്യൻ നോളജ് സിസ്റ്റംസ് (ഐ.കെ.എസ്.) നൈപുണി വികസന പരിപാടിയുടെ ഭാഗമായി ഹ്രസ്വകാല കോഴ്സ് ആരംഭിച്ചു. ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. അരുൺ സുരേന്ദ്രൻ  ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷനായി. യു.ജി.സി. ഒബ്സർവർ ഡോ. ഉദയൻ ഹെഗ്‌ഡെ (നാഷണൽ സംസ്കൃത സർവകലാശാല തിരുപ്പതി), എം.എം.ടി.ടി.സി. ഡയറക്ടർ ഡോ. സാബു കെ. തോമസ്, ഡോ. പി. പ്രസീത എന്നിവർ സംസാരിച്ചു.

കാലിക്കറ്റ് ഇന്റർ സോൺ കലോത്സവം ഏപ്രിൽ 16 മുതൽ 20 വരെ

കാലിക്കറ്റ് സർവകലാശാല ഇന്റർ സോൺ കലോത്സവം 2026 ഏപ്രിൽ 16 മുതൽ 20 വരെയുള്ള തീയതികളിലായി നത്തുമെന്ന് വിദ്യാർത്ഥി ക്ഷേമവിഭാഗം ഡീൻ അറിയിച്ചു. ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള കോളേജുകൾ മാർച്ച് 18-നകം വിദ്യാർത്ഥി ക്ഷേമവിഭാഗവുമായി ബന്ധപ്പെടണം. 

കേരള – മലയാള പഠനവകുപ്പിൽ പി.എച്ച്.ഡി.

കാലിക്കറ്റ് സർവകലാശാലാ കേരള – മലയാള പഠനവകുപ്പ് ഗവേഷണ കേന്ദ്രമായി പി.എച്ച്.ഡി. 2025 പ്രവേശനത്തിന് അപേക്ഷിക്കുകയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് മാർച്ച് 07-ന് വൈകിട്ട് 5 മണിക്കുള്ളിൽ പഠനവകുപ്പിൽ ഹാജരാവുകയും ചെയ്തവർക്കുള്ള കൂടിക്കാഴ്ച മാർച്ച് 11-ന് രാവിലെ 11 മണിക്ക് നടക്കും. അപേക്ഷയുടെ പകർപ്പും സിനോപ്പ്സിസും യോഗ്യത തെളിയിക്കുന്ന എല്ലാ അസൽ രേഖകളും സഹിതം പഠനവകുപ്പിൽ ഹാജരാകണമെന്ന് വകുപ്പ് മേധാവി അറിയിച്ചു.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിൽ  കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. (CBCSS PG – 2019 സ്‌കീം – 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഏപ്രിൽ 08 വരെ അപേക്ഷിക്കാം. 

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

അഞ്ച്, ആറ് സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. (2009 സ്‌കീം – 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

പരീക്ഷാഅപേക്ഷ

ഒന്നാം സെമസ്റ്റർ എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിട്യൂഷണൽ ലോ ഡബിൾ സ്പെഷ്യലൈസേഷൻ (2024 പ്രവേശനം മുതൽ) ജൂൺ 2026, എൽ.എൽ.എം. (2022 പ്രവേശനം മുതൽ) ജൂൺ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 23 വരെയും 200 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 10 മുതൽ ലഭ്യമാകും.

ഇന്റഗ്രേറ്റഡ് പി.ജി. (CCSS) രണ്ടാം സെമസ്റ്റർ (2024 പ്രവേശനം മുതൽ) ഏപ്രിൽ 2026, നാലാം സെമസ്റ്റർ (2024 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 26 വരെയും 255 രൂ പ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 18 മുതൽ ലഭ്യമാകും.

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (2024, 2025 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരി ശോധനാഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top