Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അന്തര്‍ദേശീയ സിനിമാ-സാഹിത്യ സെമിനാര്‍ തുടങ്ങി

HIGHLIGHTS : Calicut University News; International film and literature seminar started

അന്തര്‍ദേശീയ സിനിമാ-സാഹിത്യ സെമിനാര്‍ തുടങ്ങി
ചിത്രയോഗം അന്തര്‍ദേശീയ സിനിമാ-സാഹിത്യ-സാംസ്‌കാരിക സെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. മലയാള കേരളപഠനവിഭാഗം സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്നാണ് സെമിനാര്‍ നടത്തുന്നത്. വകുപ്പുമേധാവി ഡോ. പി. സോമനാഥന്‍  അധ്യക്ഷനായി. സിനിമാ നിരൂപകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ മധു ജനാര്‍ദ്ദനന്‍ പ്രബന്ധം അവതരിപ്പിച്ചു. സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അപര്‍ണ, ഡോ. ആര്‍.വി.എം. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നുള്ള സെഷനുകളില്‍ നാടക, സിനിമാ പ്രവര്‍ത്തക സജിത മഠത്തില്‍, നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍, ബംഗ്ലാദേശി സംവിധായകന്‍ അബു സയിദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സിനിമാ പ്രദര്‍ശനവും നടന്നു. ഡിസംബര്‍ മൂന്നിനാണ് സമാപനം.

സര്‍വകലാശാലാ സംശയങ്ങള്‍ക്ക് പരിഹാരമായി ‘സുവേഗ സീരീസ്’

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളുമായി സുവേഗ സീരീസ് വീഡിയോ പുറത്തിറങ്ങി. സര്‍വകലാശാലയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും ഇത് ലഭ്യമാകും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങിനെ, ഒറിജിനല്‍ നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം, മൈഗ്രേഷന്‍, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ എങ്ങിനെ ലഭിക്കും തുടങ്ങിയ കാര്യങ്ങളാണ് മൂന്ന് മിനിറ്റില്‍ താഴെയുള്ള വീഡിയോകളുടെ ഉള്ളടക്കം. പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് തയ്യാറാക്കുന്നത്. ഡിജിറ്റല്‍ സ്റ്റുഡന്റ്സ് സര്‍വീസ് സെന്ററായ സുവേഗയിലേക്ക് വരുന്ന ആവര്‍ത്തന സ്വഭാവമുള്ള കാളുകളുടെ എണ്ണം കുറയ്ക്കാനും വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങളറിയാനും ഇതുപകരിക്കും. ആഴ്ചയില്‍ ഒരു വീഡിയോ വീതം റിലീസ് ചെയ്യും. ആദ്യ വീഡിയോ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ. വിജയന്‍, സെക്ഷന്‍ ഓഫീസര്‍ നുസൈബ ബായ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ശാസ്ത്ര പഠന വിഭാഗം പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ സംഘടിപ്പിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി മുന്‍ ഡയറക്ടര്‍ പ്രൊഫ. പിനാകി ചക്രവര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. വകുപ്പു മേധാവി ഡോ. സബീന ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാംഗ്ലൂര്‍ സെന്റര്‍ ഫോര്‍ ബഡ്ജറ്റ് ആന്റ് പോളിസി സ്റ്റഡീസ് സ്ഥാപകനും മുന്‍ ഡയറക്ടറുമായ പ്രൊഫ. വിനോദ് വ്യാസുലു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.എ. ഉമ്മന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് പി. പ്രജീലക്ക് സമ്മാനിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2015 പ്രവേശനം 2010 സിലബസ് രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 30 മുതല്‍ ലഭ്യമാകും. ഡിസംബര്‍ 12-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 14-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് (ഡാറ്റാ അനലിറ്റിക്‌സ്) ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 1, 5 തീയതികളില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 2, 8, 19 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 14 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!